യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് വിമാന നിരക്ക് കുത്തനെ കുറഞ്ഞു

റാസല്‍ഖൈമ: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വണ്‍വേ ടിക്കറ്റിന് 294 ദിര്‍ഹമാണ് (5,882 രൂപ) കുറഞ്ഞ നിരക്ക്. നാട്ടില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടിയതും ക്വാറന്റീന്‍ നിയമങ്ങളിലെ അവ്യക്തതയും മഴയുമെല്ലാം യാത്രക്കാരുടെ ഒഴുക്ക് കുറച്ചു. കൂടാതെ, നാട്ടിലേക്കുള്ള വിമാനങ്ങളുടെ ലഭ്യത കൂടിയതും നിരക്ക് കുറയാന്‍ കാരണമായി. ഇതേസമയം, കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് മൂന്നിരട്ടി നിരക്കാണ് ഈടാക്കുന്നത്.

ദുബൈയില്‍ നിന്ന് കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവ 294 ദിര്‍ഹമിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 295 ദിര്‍ഹമിനും ഇന്നലെ ടിക്കറ്റ് വില്‍പന നടത്തിയിരുന്നു. മറ്റു എയര്‍ലൈനുകളിലും ശരാശരി 30-40 ദിര്‍ഹമിന്റെ വ്യത്യാസത്തില്‍ ടിക്കറ്റുണ്ട്. വാരാന്ത്യങ്ങളില്‍ ഒഴിച്ചുള്ള ദിവസങ്ങളിലാണ് കുറഞ്ഞ നിരക്ക്. തിരക്കുള്ള ദിവസങ്ങളിലാണെങ്കില്‍ പോലും 500 ദിര്‍ഹമില്‍ താഴെയാണ് ഭൂരിഭാഗം എയര്‍ലൈനുകളുടെയും നിരക്ക്. ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കും ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഏതാണ്ട് ഇതേ നിരക്കില്‍ യാത്ര ചെയ്യാം.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നിരക്ക് ഇനിയും കുറയുമെന്നാണ് സൂചന. ഇതേസമയം, അബുദാബിയില്‍ നിന്നാണ് യാത്രയെങ്കില്‍ നിരക്ക് ഏതാണ്ട് ഇരട്ടിയോളം നല്‍കണം. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് 680 മുതല്‍ 930 ദിര്‍ഹം വരെയാണ് നിരക്ക്. ഇവിടെ നിന്ന് കേരള സെക്ടറുകളിലേക്ക് മറ്റു വിമാന കമ്പനികളുടെ  സര്‍വീസ് ഇല്ലാത്തതിനാലാണ് നിരക്ക് ഉയര്‍ന്നത്.

നിരക്ക് കുറച്ചതിനൊപ്പം ചില എയര്‍ലൈനുകള്‍ ബാഗേജ് ആനുകൂല്യവും നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നു. ഗോ എയര്‍ സൗജന്യ ബാഗേജ് പരിധി 40 കിലോയാക്കി ഉയര്‍ത്തി. ഇന്‍ഡിഗോ അധിക ബാഗേജിന് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, യുഎഇയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് സാധാരണ നിലയിലേക്ക് വരുന്നതോടെ നാട്ടിലേക്ക് പോയവര്‍ തിരിച്ചു വരാന്‍ തുടങ്ങി. യാത്രക്കാരുടെ എണ്ണം കൂടിയതോടെ നിരക്കും കൂട്ടിയിരിക്കുകയാണ് വിമാന കമ്പനികള്‍.