ഓഗസ്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യുഎഇയില്‍ നിന്നും പോയത് 49,980 പ്രവാസികള്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. നേരിട്ട് ടിക്കറ്റെടുക്കാം

റസാഖ് ഒരുമനയൂര്‍
അബുദാബി: കോവിഡ് 19നെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ 73,127 പ്രവാസികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ എയര്‍ ഇന്ത്യ-എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി ഓഗസ്ത് ഒന്നു മുതല്‍ 31 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യുഎഇയില്‍ നിന്നും 49,980 പേരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. അബുദാബിയില്‍ നിന്ന് 95 വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറന്നത്. ഇതില്‍ 13,817 പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. ദുബൈയില്‍ നിന്നും 155 വിമാനങ്ങളിലായി 25,762 പേര്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയില്‍ നിന്ന് 64 ഫ്‌ളൈറ്റുകളിലായി 10,047 പേരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലെത്തിച്ചത്. റാസല്‍ഖൈമയില്‍ നിന്നും രണ്ടു വിമാനങ്ങളിലായി 354 പേരും യാത്ര ചെയ്തു.
ഖത്തറില്‍ നിന്ന് 28 വിമാനങ്ങളില്‍ 4,332 പേരും ബഹ്‌റൈനില്‍ നിന്നും 16 ഫ്‌ളൈറ്റുകളില്‍ 2,744 പേരും നാട്ടിലെത്തി. കുവൈത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 474 പേരും മസ്‌കത്തില്‍ നിന്ന് 39 ഫ്‌ളൈറ്റുകളില്‍ 6,890 പേരും സലാലയില്‍ നിന്ന് രണ്ടു വിമാനങ്ങളിലായി 282 പേരും നാടണഞ്ഞു. സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്നും 8,425 പേരാണ് തിരിച്ചെത്തിയത്.
വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 454 വിമാനങ്ങളാണ് പ്രവാസികളെ തിരികെ എത്തിക്കാനായി പ്രയോജനപ്പെടുത്തിയത്. പ്രധാനമായും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളാണ് കഴിഞ്ഞ മാസം മടങ്ങിയത്. വന്ദേ ഭാരത് മിഷന്‍ നാലു വരെയുള്ള ഘട്ടങ്ങളില്‍ കേരളത്തിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കെഎംസിസി നടത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആയിരക്കണക്കിനവളുകളാണ് അന്ന് നാടണഞ്ഞത്.
ദുബൈ, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അവര്‍ പോകുന്ന സംസ്ഥാനത്ത് നിര്‍ബന്ധമാണെങ്കില്‍ മാത്രം പിസിആര്‍ പരിശോധന മതിയാകും.
അതിനിടെ, ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും നേരിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് എടുക്കാവുന്നതാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പില്‍ വ്യക്തമാക്കി.