വിലക്ക് നീക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കും

ജലീല്‍ പട്ടാമ്പി
ദുബൈ: കോവിഡ് 19 പോസിറ്റീവായ യാത്രക്കാരെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസിന് 15 ദിവസത്തേക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ (ഡിസിഎഎ) ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി. ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ദുബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് പ്രയാസത്തിലായ യാത്രക്കാര്‍ക്കായി ഷാര്‍ജയില്‍ നിന്നും റീഷെഡ്യൂള്‍ നടപ്പാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് ഇന്നു മുതല്‍ ദുബൈയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭം സംബന്ധിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഫേസ്ബുക് പേജില്‍ പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് 28നും സെപ്തംബര്‍ 4നും ഡെല്‍ഹിയില്‍ നിന്നും ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേ ഭാരത് വിമാനങ്ങളില്‍ കോവിഡ് ബാധിതരായ രണ്ടു പേരെ കൊണ്ടു വന്ന സാഹചര്യത്തിലായിരുന്നു സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്ക് വിലക്ക് നടപ്പാക്കിയത്. ഇതുസംബന്ധിച്ച് ഡിസിഎഎ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് സര്‍കുലര്‍ അയക്കുകയും ചെയ്തു.
കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ക്കും പൊട്ടോകോളുകള്‍ക്കും വിരുദ്ധമായി ഇത് രണ്ടാം തവണയാണ് ഡിസിഎഎ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച വിവരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
ഡെല്‍ഹിയിലെയും ജയ്പൂരിലെയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്റുമാരാണ് കോവിഡ് പോസിറ്റീവായ 2 യാത്രക്കാരെ തെറ്റായി സ്വീകരിച്ചത്. രണ്ടു വിമാനങ്ങളിലെയും കോവിഡ് പോസിറ്റീവായ ഈ യാത്രക്കാര്‍ക്കൊപ്പം ഇരുന്നവരെ ദുബൈ ഹെല്‍ത്ത് അഥോറിറ്റിയുടെ നിര്‍ദേശാനുസരണമുള്ള ടെസ്റ്റ് നടത്തുകയും ക്വാറന്റീലാക്കുകയും ചെയ്തു.
യാത്രക്കാരെ വിമാനത്തിലേക്ക് സ്വീകരിക്കുമ്പോള്‍ നിബന്ധനകളും പ്രൊട്ടോകോളുകളും കണിശമായും പാലിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ഏജന്റുമാരെ ആവര്‍ത്തിച്ചുണര്‍ത്തി. ഡെല്‍ഹിയിലും ജയ്പൂരിലുമുണ്ടായ തെറ്റായ നടപടിക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികളെടുക്കുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ത്രിതല പരിശോധനാ സംവിധാനം അവലംബിക്കാന്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും എയര്‍ ഇന്ത്യ സ്വീകരിച്ച നടപടികളും ഡിസിഎഎ അറിയിച്ചു.
മെയ് മാസം മുതലുള്ള വന്ദേ ഭാരത് മിഷന്‍ പ്രത്യേക സംവിധാനത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത്. ഒക്‌ടോബര്‍ 31 വരെ ഇന്ത്യയും യുഎഇയും തമ്മിലുള്ള എയര്‍ ബ്ബള്‍ കരാര്‍ നിലവിലുണ്ട്. കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായ യാത്രക്കാരെ മാത്രമേ കൊണ്ടു വരൂവെന്നത് നേരത്തെ തന്നെ എയര്‍ ഇന്ത്യ സ്വീകരിച്ച നയമാണ്. യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ പ്യൂര്‍ ഹെല്‍ത്തില്‍ നിന്നോ, അല്ലെങ്കില്‍ ഐസിഎംആര്‍ അംഗീകരിച്ച ലബോറട്ടറിയില്‍ നിന്നോ ടെസ്റ്റ് നടത്തണമെന്ന് നിഷ്‌കര്‍ഷയുണ്ട്.