അക്കാഫ് ഓണ്‍ലൈന്‍ കലാമേള വേറിട്ടതായി

ദുബൈ: കോവിഡ് 19 ലോക്ക് ഡൗണിന്റെ വിരസതയിലൂടെയും നിരാശയിലൂടെയും കടന്നു പോയ യുഎഇ മലയാളി സമൂഹത്തെ അതിജീവനത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനും കലാവാസനകള്‍ മാറ്റുരയ്ക്കാനും അവസരമൊരുക്കി അക്കാഫ് ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ കലാമേള വേറിട്ട അനുഭവമായി മാറി. മേളയുടെ ആദ്യ ഘട്ടങ്ങളില്‍ കേരളത്തിലങ്ങോളമുള്ള 170ല്‍ പരം കോളജ് ആലൂംനികളില്‍ നിന്നും 15ല്‍ പരം കലാപരിപാടികളില്‍ ആയിരത്തില്‍ പരം കലാപ്രവര്‍ത്തകര്‍ മറ്റുരച്ചു. ഓണ്‍ലൈന്‍ കലാമേളയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അക്കാഫ് ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനങ്ങളറിയിച്ചു. നൂറുകണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നും അവസാന ഘട്ടത്തിലെത്തിയ എല്ലാ മത്സരാര്‍ത്ഥികളുടെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ സെപ്തംബര്‍ 4 മുതല്‍ 8 വരെ അക്കാഫിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. ഓരോ വിഭാഗത്തിലും പ്രത്യേകം പ്രത്യേകം പോളിംഗ് ഉണ്ടായിരിക്കും. ഒരൊ കലാലയങ്ങളെയും പ്രതിനിധീകരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ അക്കാഫ് ഗ്രൂപ് മെംബേഴ്‌സിന് അവരുടെ വോട്ടുകള്‍ (ലൈക്കുകള്‍ അല്ല) നല്‍കി ജനപ്രിയ അവാര്‍ഡിനായി തെരഞ്ഞെടുക്കാവുന്നതാണ്. സെപ്തംബര്‍ 11ന് നടക്കുന്ന 2020ലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോയായ അക്കാഫ് കലാമേള ഗ്രാന്‍ഡ് ഫിനാലെയുടെ വേദിയില്‍ വിധികര്‍ത്താക്കള്‍ തീരുമാനിച്ച 1, 2, 3 സ്ഥാനക്കാരെയും പോളിംഗിലുടെ ജനപ്രിയ പുരസ്‌കാരം ലഭിച്ചവരെയും ഒരുമിച്ച് പ്രഖ്യാപിക്കുന്നതാണെന്നും അക്കാഫ് ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ കലാമേളയുടെ ഗ്രാന്‍ഡ് ഫിനാലെക്ക് ശേഷം വേറിട്ട ഓണ്‍ലൈന്‍ പൂക്കള മത്സരവുമായി അക്കാഫ് എത്തുന്നു, താല്പര്യം അറിയിച്ച 100ല്‍ പരം ആലുംനികളില്‍ നിന്നും ഞറുക്കെടുപ്പിലൂടെ തീരുമാനിച്ച 30ഓളം കോളജുകളെ പങ്കെടുപ്പിച്ച് സെപ്തംബര്‍ മാസത്തില്‍ തന്നെ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്താനുദ്ദേശിക്കുന്ന പൂക്കള മത്സരം യുഎഇയുടെ ചരിത്ര താളുകളില്‍ സ്ഥാനം പിടിക്കുമെന്ന് അക്കാഫിനു വേണ്ടി സംയുക്ത പ്രസ്താവനയിലൂടെ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, സെക്രട്ടറി ബിജു കുമാര്‍, ട്രഷറര്‍ റിവാ ഫിലിപ്പോസ്, ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ ഷാബു സുല്‍ത്താന്‍ എന്നിവര്‍ അറിയിച്ചു

സൂം ഓണം മീറ്റ്: കലാ സന്ധ്യക്ക് സാക്ഷ്യം വഹിച്ചത് നിരവധി കുടുംബങ്ങള്‍
ദുബൈ: അക്കാഫ് തിരുവോണ നാളില്‍ നടത്തിയ സൂം ഓണം മീറ്റില്‍ ആയിരക്കണക്കിന് പൂര്‍വ കലാലയ വിദ്യാര്‍ത്ഥി കുടുംബങ്ങളാണ് അക്കാഫിന്റെ ഫേസ്ബുക് ഗ്രൂപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ കലാ സന്ധ്യക്ക് സാക്ഷ്യം വഹിച്ചത്. സൂമിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി വളരെ ചിട്ടയോടെ ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി വിവിധ മേഖലകളിലുള്ള പ്രശസ്ത കലാകാരെ ഉള്‍പ്പെടുത്തി വളരെ ഭംഗിയായി ഏറ്റെടുത്ത് നടത്തിയ കലാ സന്ധ്യക്ക് രാജീവ് പിള്ളയാണ് സംവിധാനം ഒരുക്കിയത്. അതോടൊപ്പം, റിയാസ് (മറിമായം), പിന്നണി ഗായകരായ ഡോ. വിജയ് മാധവ്, സുമി അരവിന്ദ്, ഹര്‍ഷാ ചന്ദ്രന്‍, ദേവിക സൂര്യ, ദേവ നന്ദ, എന്നിവരെ കൂടാതെ അക്കാഫിന്റെ സ്വന്തം ഗായകരായ ബീന സിബി, രതീഷ് കല്ലില്‍, ഹാഷിഷ് ജോര്‍ജ്, സ്റ്റെഫി ഫിലിപ്പോസ് എന്നീ കലാകാരന്മാരുടെ മികച്ച കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജന.സെക്രട്ടറി വി.എസ് ബിജു കുമാര്‍, ട്രഷറര്‍ റിവ ഫിലിപ്പോസ്, ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവ്, ജോ.സെക്രട്ടറി മനോജ് കെ.വി, ജോ.ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണാണ്ടസ്, എ.ടി.എഫ് കണ്‍വീനര്‍ കോശി ഇടിക്കുള, അക്കാഫ് കലാമേള ജന.കണ്‍വീനര്‍ ജൂലിന്‍ ബെന്‍സി, ജോ.കണ്‍വീണര്‍മാരായ അനു പ്രമോദ്, ശ്രീജാ സുരേഷ് എന്നിവരും പങ്കെടുത്തതായി മീഡിയ കണ്‍വീനര്‍ ഷാബു സുല്‍ത്താന്‍ അറിയിച്ചു.