അല്‍ദാഫ്ര ഫെസ്റ്റിവലിന് നവംബര്‍ 5ന് കൊടിയേറും

    ബദുക്കളുടെ സാംസ്‌കാരിക ജീവിതത്തിന്റെ പ്രതിഫലനം

    ദുബൈ: അറബ് നാടോടി വിഭാഗത്തിന്റെ പ്രാചീന സാംസ്‌കാരിക ജീവിതവും ശൈലിയും പ്രതിഫലിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ആഘോഷമായ അല്‍ദാഫ്ര ഫെസ്റ്റിവല്‍ നവംബര്‍ 5 മുതല്‍ അരങ്ങേറും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ദാഫ്ര മേഖലയിലെ മദീനത്ത് സായിദില്‍ നടക്കുമെന്ന് അബുദാബി കള്‍ചറല്‍ പ്രോഗ്രാംസ് ആന്റ് ഹെരിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി വ്യക്തമാക്കി. എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് 14-ാമത് ദാഫ്ര ആഘോഷം നടക്കുക. പങ്കെടുക്കുന്നവരുടെയും അതിഥികളുടെയും സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും നടപ്പാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. മേളയിലെ പരമ്പരാഗത, നാടോടി, കരകൗശല പരിപാടികള്‍ യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സമിതി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഫാരിസ് അല്‍ മസ്രൂയി പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരം, പൈതൃകം, സ്വത്വം എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മരുപ്രദേശത്തിന്റെ ഈ മഹാമേള നടത്തുന്നത്. മികച്ച അറബ് ബ്രീഡുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ് ഈ മേളയിലെ പ്രധാനയിനം. അസയല്‍, മജാഹീം വംശങ്ങളില്‍ നിന്നുള്ള ശുദ്ധമായ ഒട്ടകങ്ങളെ കേന്ദ്രീകരിക്കുന്നതാണ് മസയ്‌ന ഒട്ടക സൗന്ദര്യ മത്സരം ഈ വര്‍ഷത്തെ അസാധാരണ പതിപ്പിന്റെ ഹൃദയഭാഗമാണെന്ന് സമിതി വൈസ് ചെയര്‍മാന്‍ ഈസ സെയ്ഫ് അല്‍ മസ്രൂയി അഭിപ്രായപ്പെട്ടു. ഏറെ ആകര്‍ഷകമായ ഫാല്‍ക്കണ്‍റി മത്സരങ്ങള്‍, 2500 മീറ്റര്‍ അറേബ്യന്‍ സാലുകി ഓട്ടം, ശുദ്ധമായ അറേബ്യന്‍ കുതിരപ്പന്തയം, ആടുകളുടെ സൗന്ദര്യ മത്സരം, ഷൂട്ടിംഗ് മത്സരം തുടങ്ങി നിരവധി ഇനങ്ങള്‍ ദാഫ്ര ഫെസ്റ്റിവലിനെ വര്‍ണശഭളമാക്കും. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത സൂക്കും അതുമായി ബന്ധപ്പെട്ട പരിപാടികളും ഈ വര്‍ഷത്തെ ഉത്സവത്തില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. റേസ് ട്രാക്കുകളും മത്സര സൈറ്റുകളും ദിനംപ്രതി ശുചിത്വവല്‍ക്കരിക്കുമെന്നും ഉത്സവ ഉദ്യോഗസ്ഥരും ജൂറികളും പങ്കെടുക്കുന്നവരും നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഹാജരാക്കണം. ഫെയ്‌സ് മാസ്‌കും കയ്യുറകളും ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയവ പാലിക്കണം. നാടോടികളായ അറബ് സമൂഹത്തെയാണ് പൊതുവെ ബെദുവിന്‍ അല്ലെങ്കിള്‍ ബദു എന്ന് പറയുന്നത്. വടക്കേ ആഫ്രിക്കയിലും അറേബ്യന്‍ പ്രദേശങ്ങളിലും മരുഭൂമിയില്‍ അധിവസിക്കുന്ന ഈ വിഭാഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ്. ഗോത്രവര്‍ഗ ജീവിതരീതിയാണിവര്‍ക്ക്. സമൂഹങ്ങളായി ജീവിച്ചിരുന്ന ഇവര്‍ പ്രത്യേക ആചാരങ്ങളും ജീവിതരീതിയും വെച്ചുപുലര്‍ത്തുന്നു. ഇസ്്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷം കൂടുതല്‍ ബദുക്കളും ഇസ്്‌ലാം മതം സ്വീകരിച്ചു. ചെറിയ വിഭാഗം അറബ് ക്രസ്ത്യാനികളായി ജീവിക്കുന്നു. അറബികള്‍ക്കിടയില്‍ നാഗരിക ജീവിതം സാധാരണമായതോടെ ബദുക്കളും പില്‍കാലത്ത് നിരവധി ആചാരങ്ങള്‍ ഉപേക്ഷിച്ചു. എന്നിരുന്നാലും അവരുടെ അടിസ്ഥാന ജീവിതരീതി വരുംതലമുറകളിലേക്ക് പകര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മേളകള്‍ നടത്തുന്നത്.