അഞ്ചാമത് അല്‍ജുബൈല്‍ ഈത്തപ്പഴ മേള സമാപിച്ചു

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: അല്‍ജുബൈല്‍ ഈത്തപ്പഴ മേളക്ക് സമാപനം. സ്വദേശത്തും വിദേശത്തും വിളയിച്ച നൂറിലധികം ഇനം ഈത്തപ്പഴങ്ങള്‍ രുചിക്കാനും സ്വന്തമാക്കാനും അവസരമൊരുക്കിയ അല്‍ജുബൈല്‍ സൂഖിലെ ഫെസ്റ്റിവല്‍ ആയിരങ്ങളാണ് സന്ദര്‍ശിച്ചത്.
ഇത് അഞ്ചാം തവണയാണ് അല്‍ജുബൈല്‍ മാര്‍ക്കറ്റ് ഈത്തപ്പഴ ഉല്‍സവ നഗരിയാകുന്നത്. ചൂട് കടുത്ത മൂന്ന് മാസങ്ങളാണ് ഫെസ്റ്റിവല്‍ കാലം. പ്രത്യേകം സ്റ്റാളുകളൊരുക്കി മരുഭൂമിയുടെ അപ്പം നിരത്തും. ഈത്തപ്പഴ അനുബന്ധ ഉല്‍പന്നങ്ങളും വില്‍പനക്ക് വെച്ചിരുന്നു.
യുഎഇ കൃഷിയിടങ്ങളില്‍ വിളഞ്ഞ മികച്ച ഈത്തപ്പഴ ഇനങ്ങള്‍ മത്സര വിലക്ക് മേളയില്‍ ലഭ്യമാക്കിയിരുന്നു. ഇടനിലക്കാരില്ലാതെ കൃഷിക്കാര്‍ നേരിട്ടെത്തിക്കുന്നതിനാല്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസരണം ഈത്തപ്പഴം സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നു. സ്വദേശികളും മറ്റു അറബ് വംശജരും വന്‍ തോതില്‍ ഈത്തപ്പഴം വാങ്ങാനെത്തി. സ്വന്തം ആവശ്യത്തിന് പുറമെ ഉറ്റവര്‍ക്കും ഇഷ്ടക്കാര്‍ക്കും സീസണ്‍ കാലത്ത് ഈത്തപ്പഴം സമ്മാനമായെത്തിക്കുക എന്നത് കാലങ്ങളായി അറബികളുടെ ശീലമാണ്. ഈ പൈതൃകം ഇന്നും സ്വദേശികള്‍ തലമുറകളിലേക്ക് കൈമാറുന്നു.
പ്രതിദിനം ഒരു ടണ്‍ വരെ ഈത്തപ്പഴം ഫെസ്റ്റിവല്‍ നഗരിയില്‍ വിറ്റു തീര്‍ന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള റുതാബ്, ഖലാസ്, ഖദ്‌റാവി തുടങ്ങിയ ഇനങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെ. കോവിഡ് 19 പ്രതിസന്ധി കാരണം വിദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആവശ്യക്കാരായെത്തുന്നവരെ പൂര്‍ണമായും തൃപ്തരാക്കാന്‍ കഴിഞ്ഞതായി സ്റ്റാള്‍ ഉടമകള്‍ പറയുന്നു.
പൂര്‍ണമായും കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചായിരുന്നു ഈത്തപ്പഴ മേള. ഇടപാടുകള്‍ നടത്തുമ്പോള്‍ സാമൂഹിക അകലം ഉറപ്പു വരുത്തി. ഈത്തപ്പഴം പ്രദര്‍ശിപ്പിക്കുന്നതും സൂക്ഷിക്കുന്നതുമായ സ്ഥലങ്ങള്‍ വൃത്തിയില്‍ ഉന്നത നിലവാരം പുലര്‍ത്തി. ഫെസ്റ്റിവല്‍ നഗരിയില്‍ നഗരസഭയുടെ നിരന്തര പരിശോധനയുമുണ്ടായി.