അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ യുഎഇയിലെത്തിയ തീയതി വെളിപ്പെടുത്തണം

ദുബൈ: അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്ന മുഴുവന്‍ താമസക്കാരും സന്ദര്‍ശകരും രാജ്യത്ത് അവര്‍ എത്തിയ തീയതി സംബന്ധിച്ച് തുറമുഖ-വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോയിന്റുകളിലും ഡിക്‌ളറേഷന്‍ നല്‍കണമെന്ന് പുതിയ വ്യവസ്ഥ. അബുദാബിയില്‍ പ്രവേശിക്കുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഈ ഡിക്‌ളറേഷന്‍ ആവശ്യമാണെന്ന് അബുദാബി ക്രൈസിസ്, എമര്‍ജെന്‍സി ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി സാമൂഹിക മാധ്യമങ്ങളില്‍ വെളിയപ്പെടുത്തി.
ഇക്കഴിഞ്ഞ മേയ് മുതല്‍ തന്നെ അബുദാബിയില്‍ പ്രവേശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. പ്രവേശനം നേടുന്നതിന് ഓരോ വ്യക്തിയും കോവിഡ് 19 ടെസ്റ്റ് നെഗറ്റീവ് ആണെന്ന് തെളിയിക്കേണ്ടതുണ്ട്. ഇത് കൂടാതെ, അബുദാബിയില്‍ തിരിച്ചെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ പോകേണ്ടതുണ്ട്. ഈ നടപടിക്രമം ലംഘിക്കുന്നവര്‍ക്ക് അറ്റോര്‍ണി ജനറല്‍ നിഷ്‌കര്‍ഷിക്കുന്ന ശിക്ഷകളും പിഴകളും ചുമത്തുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.