അബുദാബിയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ ട്രാക്കിംഗ് ബാന്റ് നിര്‍ബന്ധമായും ധരിക്കണം

5

ദുബൈ: മറ്റു രാജ്യങ്ങളില്‍ നിന്നും അബുദാബിയില്‍ എത്തുന്ന യാത്രക്കാര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുമ്പോള്‍ ട്രാക്കിംഗ് റിസ്റ്റ്ബാന്‍ഡ് ധരിക്കണമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പറയുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ട്രാക്കിംഗ് ബാന്റ് നല്‍കുന്നുണ്ട്. അബുദാബിയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. വീട്ടില്‍ ഒറ്റക്ക് കഴിയണം. കൂടാതെ വൈദ്യശാസ്ത്രപരമായി അംഗീകാരമുള്ള റിസ്റ്റ്ബാന്‍ഡ് ധരിക്കേണ്ടിവരും. ഒരു നയതന്ത്ര പാസ്പോര്‍ട്ട് കൈവശമുള്ളവര്‍, 18 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിനു മുകളിലുള്ളവര്‍, അല്ലെങ്കില്‍ വിട്ടുമാറാത്ത രോഗം ബാധിച്ചവരാണെങ്കില്‍ എന്നിവരെ റിസ്റ്റ്ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് അബുദാബിയില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കുന്നുണ്ട്. ചിലര്‍ക്ക് ഹോം ക്വാറന്റീനും അനുവദിക്കുന്നുണ്ട്. സ്വയം ക്വാറന്റീനില്‍ പോവാന്‍ സൗകര്യമുള്ളവര്‍ യാത്രക്ക് മുമ്പ് ഒരു ഫോം പൂരിപ്പിച്ചുനല്‍കണം. അബുദാബിയിലെത്തുന്ന എല്ലാ യാത്രക്കാരും അബുദാബി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗും കോവിഡ് -19 പിസിആര്‍ പരിശോധനയും നടത്തുന്നുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രക്ക് മുമ്പും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കൈവശമുണ്ടായിരിക്കണം. യാത്രക്ക് 96 മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ നിന്നായിരിക്കണം പരിശോധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാര്‍ ഇത്തിഹാദ് അംഗീകൃത മെഡിക്കല്‍ സൗകര്യം ഉപയോഗിക്കണം. കോവിഡ് -19 പിസിആര്‍ പരിശോധനയില്‍ നിന്ന് 12 വയസ്സിന് താഴെയുള്ള കുട്ടികളെയും ശാരീരക വെല്ലുവിളികള്‍ നേരിടുന്നവരെയും ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ പറഞ്ഞു.