രാജ്യാന്തര ആണവ ഊര്‍ജ ഏജന്‍സിയില്‍ യുഎഇക്ക് വീണ്ടും പങ്കാളിത്തം

    ദുബൈ: ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഐഎഇഎയുടെ 2020 മുതല്‍ 2022 വരെയുള്ള കാലയളവിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. ഏജസിയുടെ വാര്‍ഷിക ജനറല്‍ കോണ്‍ഫറന്‍സിലാണ് തീരുമാനം. വിയന്ന ആസ്ഥാനമായുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ യുഎഇ ക്രിയാത്മക പങ്കുവഹിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള ആത്മവിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 മുതല്‍ 2018 വരെയും 2013 മുതല്‍ 2015 വരെയും 2010-2012 വരെയും യുഎഇക്ക് പങ്കാളിത്തം ലഭിച്ചിരുന്നു. വാര്‍ഷിക പൊതുസമ്മേളനത്തോടൊപ്പം ഐഎഇഎയുടെ പ്രധാന നയരൂപീകരണ സമിതിയാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്. ഐഎഇഎയുടെ സാമ്പത്തിക പ്രസ്താവനകള്‍, പ്രോഗ്രാം, ബജറ്റ് എന്നിവ സംബന്ധിച്ച 35 അംഗ ബോര്‍ഡ് പൊതുസമ്മേളനത്തില്‍ പരിശോധിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്നു. രാജ്യാന്തര ആണവ നയരൂപീകരണ രംഗത്ത് യുഎഇയുടെ സജീവമായ പങ്കാളിത്തം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതിന്റെ പ്രതിഫലനമാണിതെന്ന് യുഎഇയുടെ സ്ഥിരം പ്രതിനിധി ഹമദ് അല്‍കാബി പറഞ്ഞു. സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതിയിലൂടെ വികസനത്തോടുള്ള ഉത്തരവാദിത്തപരമായ സമീപനത്തിനും ഈ നീക്കം അടിവരയിടുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ ആണവോര്‍ജ്ജ റിയാക്ടര്‍ ആരംഭിച്ചതോടെ യുഎഇ സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതിയില്‍ മികച്ച പുരോഗതി കൈവരിച്ചു. ഭദ്രത, സുരക്ഷ, ആണവ നിര്‍വ്യാപനം എന്നീ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് യുഎഇ ഉറപ്പുവരുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, ആണവ ഭദ്രത, സുരക്ഷാ എന്നീ മേഖലകളിലെ പ്രസക്തമായ എല്ലാ കണ്‍വെന്‍ഷനുകളുടെയും കരാറുകളുടെയും പ്രധാന കക്ഷിയാണ് യുഎഇ. ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അംഗരാജ്യങ്ങളിലേക്ക് സമാധാനപരമായ ആണവ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലും ഏജന്‍സിയുടെ പങ്കിനെ പിന്തുണയ്ക്കുന്ന ദീര്‍ഘകാല നയവുമായി 1976 മുതല്‍ യുഎഇ സജീവ അംഗമാണ്.
    ഈ വര്‍ഷത്തെ ഐഎഇഎ പൊതുസമ്മേളനത്തിലെ യുഎഇയുടെ പങ്കാളിത്തം രാജ്യത്തിന്റെ പ്രധാന നാഴികക്കല്ലാണ്. ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിലെ യൂണിറ്റ് 1 ന്റെ റിയാക്ടറിന് വൈദ്യുതി ഉല്‍പാദന ശേഷിയുടെ 50 ശതമാനം കൈവരിച്ചു. ആണവ നിലയം വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ അറബ് രാജ്യമാണ് യുഎഇ.