കോവിഡ് പരിശോധനാ ലാബിന് വിലക്ക്: വിമാന ടിക്കറ്റെടുത്തവര്‍ നട്ടം തിരിഞ്ഞു

9

റസാഖ് ഒരുമനയൂര്‍
അബുദാബി: കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ ലാബിലെ പരിശോധനാ ഫലത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത നൂറുകണക്കിന് പേരെ പ്രയാസത്തിലാക്കി. ഞായറാഴ്ച വൈകുന്നേരമാണ് മൈക്രോ ഹെല്‍ത് ലാബില്‍ നിന്നുള്ള പരിശോധനാ ഫലം സ്വീകാര്യമല്ലെന്ന അറിയിപ്പ് ലഭിച്ചത്. ഇന്നും ഇന്നലെയുമൊക്കെയായി യാത്ര ചെയ്യാനുള്ളവരില്‍ നിരവധി പേര്‍ ഇതേ ലാബില്‍ നിന്നാണ് പരിശോധന നടത്തിയിരുന്നത്.
ഇന്ന് രാവിലെ യാത്ര ചെയ്യാനുള്ള പലര്‍ക്കും ഇന്നലെ രാത്രി വരെ ഇതുസംബന്ധിച്ച് ശരിയായ വിവരം ലാബ് അധികൃതര്‍ നല്‍കിയിട്ടില്ല. ഇന്നലെ ഉച്ച മുതല്‍ രണ്ടു മണിക്കൂറിനകം മറ്റൊരു ലാബിന്റെ റിപ്പോര്‍ട്ട് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ യാത്രക്കാരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാത്രി വൈകിയും ലഭിച്ചിട്ടില്ല. ഒടുവില്‍ എയര്‍പോര്‍ട്ടില്‍ നിന്നും നല്‍കാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, തങ്ങളുടെ യാത്ര അവതാളത്തിലായേക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരുള്ളത്. മറ്റൊരിടത്ത് പോയി സാമ്പി ള്‍ നല്‍കി ഫലം ലഭിക്കാനുള്ള സമയമില്ലെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം. 2,600 രൂപ നല്‍കിയാണ് ഇവരെല്ലാം പരിശോധനക്ക് വിധേയരായത്. രണ്ടുംമൂന്നും കുട്ടികളുള്ള കുടുംബങ്ങളും ഇന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. യാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ പണം തിരികെ ലഭിക്കില്ലെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്രോ ഹെല്‍ത് ലാബിന് കീഴില്‍ പരിശോധന നടക്കുന്നുണ്ട്. പട്ടണങ്ങളില്‍ മാത്രമല്ല, മറ്റിടങ്ങളിലും ഇവരുടെ ലേബലില്‍ സാമ്പിളുകള്‍ സ്വീകരിക്കുന്നുണ്ട്. ദൂരെയുള്ള ലാബുകളില്‍ പോകാനള്ള പ്രയാസം കണക്കിലെടുത്ത് പലരും ഇത്തരം ലാബുകളിലാണ് പരിശോധന നടത്തിയത്. ഇവര്‍ സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട്ടേക്ക് അയക്കുകയാണെന്നാണ് പറയുന്നത്.
ചില ലാബുകളില്‍ നടത്തിയ പരിശോധനാ ഫലം സംശയമുളവാക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് കരുതുന്നത്. ചില ലാബുകളുടെ പരിശോധനാ ഫലങ്ങളെ കുറിച്ച് സംശയമുള്ളതായി നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. പ്രമുഖ ലാബുകള്‍ കൃത്യമായ പരിശോധനാ ഫലം നല്‍കുമെന്ന വിശ്വാസത്തിലാണ് കോവിഡ് 19 പരിശോധനക്കായി അത്തരം ലാബുകള്‍ക്ക് മാത്രം അനുമതി നല്‍കിയത്. എന്നാല്‍, അവിടെയും വിശ്വാസ വഞ്ചന നടത്തുകയോ വ്യാജ ഫലം നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന സംശയമാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്. ഭര്‍ത്താക്കന്മാര്‍ കൂടെയില്ലാതെ യാത്ര ചെയ്യുന്ന നിരവധി സ്ത്രീകളും കുട്ടികളും യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി കാത്തിരിക്കുന്നതിനിടെയാണ് ലാബുകാരുടെ പരിശോധനാ ഫലങ്ങളെ കുറിച്ച് സംശയമുളവാക്കിയിട്ടുള്ളത്.
ഇക്കാര്യത്തില്‍ പ്രവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. വിദേശ രാജ്യങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന ദൗത്യത്തില്‍ പോലും സംശയം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. വിവിധ ചെറുകിട ലാബുകള്‍ക്ക് പോലും സാമ്പിള്‍ സ്വീകരിക്കാനുള്ള അനുമതി നല്‍കിയത് മൂലം വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യാജ ഫലം നല്‍കിയിട്ടുണ്ടായേക്കുമെന്നാണ് കരുതുന്നത്. നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു യുവാവിനുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സാമ്പിള്‍ കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ പേരിലുള്ള സാമ്പിള്‍ അവിടെ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, പിറ്റേന്ന് അവിടെ നിന്നും ഇയാള്‍ക്ക് പോസിറ്റീവാണെന്ന് പറഞ്ഞ് എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് റിപ്പോര്‍ട്ട് അയച്ചതായും പറയുന്നു. അതേസമയം, മറ്റൊരു ലാബില്‍ പോയി പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ വീഡിയോ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പ്രവാസികളെയും ബന്ധപ്പെട്ടവരെയും കബളിപ്പിക്കുന്ന രീതി കോവിഡ് പോലെയുള്ള മഹാമാരിയുടെ കാര്യത്തില്‍ പോലും നടത്തുന്നത് നീചമായി മാത്രമേ കാണാന്‍ കഴിയൂവെന്നാണ് പ്രവാസികള്‍ വിലയിരുത്തുന്നത്. കേരളത്തിനു പുറമെ, ജയ്പൂരിലെ ഒരു ലാബിനും ഡെല്‍ഹിയിലെ രണ്ട് ലാബുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരെ അറിയിച്ചില്ലെന്ന്
ലാബ് വിലക്കുമായി ബന്ധപ്പെട്ട കാര്യം എയര്‍ലൈനുകളോ ലാബ് അധികൃതരോ അറിയിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ടിക്കറ്റെടുത്ത് മണിക്കൂറുകള്‍ ക്കകം യാത്ര ചെയ്യാന്‍ തയാറായി നില്‍ക്കുന്നവരെ അറിയിക്കാനുള്ള ബാധ്യത ഇരു കൂട്ടര്‍ക്കുമുണ്ട്. എന്നാല്‍, യാത്രക്കാരെ നേരിട്ട് ആരും അറിയിച്ചില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് പലരും അറിഞ്ഞത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈനുകള്‍ ഇതുസംബന്ധിച്ച് ട്വിറ്റലിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരെ അറിയിച്ചില്ലെന്നാണ് പറയുന്നത്.