നാലര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ബാപ്പുട്ടി ഹാജി നാട്ടിലേക്ക്

ബാപ്പുട്ടി ഹാജിക്കുള്ള ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി ചളവറ സമര്‍പ്പിക്കുന്നു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചളവറ സമീപം

‘നാട്ടില്‍ നിന്നും ചന്ദ്രിക വരുത്തി വായിച്ച പഴയ കാലം ഇന്നും മറക്കാനാവില്ല’

ദുബൈ: നാലര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നെല്ലായ സ്വദേശി ബാപ്പുട്ടി ഹാജി നാടണയുന്നു. ഒരു പുരുഷായുസ്സിന്റെ ഏറിയ പങ്കും ദുബൈയിലെ രാജകുടുംബത്തിനായി സേവനമനുഷ്ഠിച്ച ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഇദ്ദേഹത്തിനുള്ള ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി ചളവറ സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചളവറ സന്നിഹിതനായിരുന്നു. പ്രവാസം ആരംഭിച്ചത് മുതല്‍ അവസാനിക്കും വരെയും ഒരേയൊരു സ്ഥലത്ത് മാത്രം ജോലി ചെയ്ത ബാപ്പുട്ടി ഹാജിക്ക് ദുബൈയോടും ഇവിടത്തെ ഭരണാധികാരികളോടും കലവറയില്ലാത്ത സ്‌നേഹമാണുള്ളത്. യുഎഇയുടെ വിശിഷ്യാ, ദുബൈയുടെ അത്ഭുതകരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കാനായ ബാപ്പുട്ടി ഹാജി തന്റെ പ്രദേശത്ത് നിന്നുള്ള പലര്‍ക്കും പാലസില്‍ ജോലി നേടിക്കൊടുത്ത് രക്ഷകനായിട്ടുണ്ട്. അതു വഴി നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും ഹൃദയത്തില്‍ സൂക്ഷിച്ചാണ് ഹാജിക്ക മടങ്ങുന്നത്.
ഈ രാജ്യത്തോടും താന്‍ വര്‍ഷങ്ങളായി ജോലി ചെയ്ത രാജകുടുംബത്തോടും അടങ്ങാത്ത സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹാജിക്ക് പോറ്റമ്മ നാട് വിട്ടു പോകാന്‍ മനസ് വരുന്നില്ലെന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. അത്രമേല്‍ ഈ നാടും ഈ മണ്ണും തന്റെ ജീവിതത്തോട് അലിഞ്ഞു ചേര്‍ന്നതായി ഹാജി സാക്ഷ്യപ്പെടുത്തുന്നു. പിറന്ന മണ്ണിലേക്ക് തിരിച്ചു പോകുന്ന ഈ അനിവാര്യതയിലും പോയകാലത്തെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ സജലങ്ങളാകുന്നു. ചെറുപ്പത്തിലെ ദര്‍സ് കാലത്ത് തുടങ്ങിയ മുസ്‌ലിം ലീഗ് സ്‌നേഹം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഹാജി ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി അംഗവും വെല്‍ഫെയര്‍ സ്‌കീം മെമ്പറുമാണ്. ചന്ദ്രിക റീഡേഴ്‌സ് ഫോറം രൂപം കൊണ്ടപ്പോള്‍ അതില്‍ അംഗമായിരുന്നു ഹാജി. നാട്ടില്‍ നിന്നും ചന്ദ്രിക വരുത്തി വായിച്ച പഴയ കാലം ഇന്നും മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം വെന്നിയൂരിലെ ദര്‍സ് പഠന കാലത്ത് സിഎച്ചിന്റെയും സീതി ഹാജിയുടെയുമെല്ലാം പ്രസംഗം നേരില്‍ കേട്ട സന്തോഷവും ഇദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ദുബൈ കെഎംസിസിയുടെ പഴയ ഓര്‍ഗ.സെക്രട്ടറിയും മത കാര്യ വിഭാഗം ചെയര്‍മാനുമായിരുന്ന വെന്നിയൂര്‍ മുഹമ്മദുമായി നാട്ടിലെ ദര്‍സില്‍ നിന്ന് തുടങ്ങിയ ബന്ധമാണ് പ്രവാസ ലോകത്ത് കെഎംസിസിയുമായി അടുക്കാന്‍ വഴിയൊരുക്കിയതെന്ന് ഹാജി ഓര്‍ക്കുന്നു.
തനിക്ക് ചുറ്റും പ്രയാസത്തിലായിരുന്ന നിരവധി കുടുംബങ്ങളില്‍ നിന്നും പലരെയും ഗള്‍ഫിലെത്തിക്കാനും അവര്‍ക്ക് രക്ഷയാവാനും കഴിഞ്ഞതിന്റെ സന്തോഷവുമായാണ് ബാപ്പുട്ടി ഹാജി നാട്ടിലേക്ക് തിരിക്കുന്നത്. അവരുടെ പ്രാര്‍ത്ഥനകളാണ് തന്റെ തണലെന്നാണ് അദ്ദേഹം പറയുന്നത്. ആസ്യയാണ് ഭാര്യ. അഹമ്മദ് ബാപ്പുട്ടി മകനും ശബ്‌ന മരുമകളുമാണ്.
ഈ രാജ്യത്തിന്റെയും ഭരണാധികാരികളുടെയും സ്‌നേഹവും ഊഷ്മള ബന്ധവും അനുഭവിച്ചറിഞ്ഞ ഹാജി ഇന്തോ-അറബ് പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ ഈ രാജ്യവും ഇവിടത്തെ ജനങ്ങളും കാട്ടുന്ന പ്രതിബദ്ധത മഹത്തരമാണെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.