ബറാക ന്യൂക്ലിയര്‍ പ്ലാന്റില്‍ നിന്നും 50 ശതമാനം വൈദ്യുതി ഉല്‍പാദനം

    2

    ദുബൈ: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ബറാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റില്‍ നിന്നും പരിപൂര്‍ണമായി 50 ശതമാനം ശുദ്ധമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍, എനെക്, കൊറിയ ഇലക്ട്രിക പവര്‍ കോര്‍പറേഷന്‍, കെപ്‌കോ തുടങ്ങിയ കമ്പനികളുടെ സംയുക്ത സംരംഭമാണ് ബറാക പ്ലാന്റ്. ലോകത്ത് അണുശക്തി സമാധാനപരമായി ഉപയോഗിക്കുന്നതിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ് യുഎഇയുടെ ബറാകയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം. ഇത് ഊര്‍ജമേഖലയിലുള്ള യുഎഇയുടെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. യുഎഇയുടെ പീസ്ഫുള്‍ ന്യൂക്ലിയര്‍ എനര്‍ജി പ്രോഗ്രാമിന്റെ ചരിത്ര വിജയമാണിത്. യുഎഇ ബറാക പ്ലാന്റിന്റെ ഒന്നാം യൂണിറ്റില്‍ നിന്നും ശുദ്ധമായ വൈദ്യുതി ഉല്‍പാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സുരക്ഷിതമായ രീതിയില്‍ ബറാകയിലെ ഇനിയുള്ള യൂണിറ്റുകളിലും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള നിര്‍മാണം പൂര്‍ത്തീകരിച്ചുവരികയാണ്. യുഎഇയുടെ ഈ തന്ത്രപ്രധാനമായ ഊര്‍ജപദ്ധതിയെക്കുറിച്ച് ലോകത്തിന് മുന്നില്‍ സമര്‍പിക്കാന്‍ സന്തോഷമുണ്ടെന്നും എനെക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ഹമ്മാദി പറഞ്ഞു. സമാധാനത്തിന്റെ ഈ ഊര്‍ജ പദ്ധതി രാഷ്ട്രത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. യുഎഇയുടെ സാമ്പത്തിക വൈവിധ്യത്തിന്റെ പ്രത്യേക പദ്ധതിയാണിത്-അദ്ദേഹം പറഞ്ഞു.