രേഖാ ശേഖരണം കൈമാറ്റം: ഷാര്‍ജയില്‍ ‘ബുറാഖ്’ സേവനത്തിന് തുടക്കമായി

7
ഷാര്‍ജ ധനകാര്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി, വകുപ്പ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍ സയീഗ്, ഷാര്‍ജ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി തുടങ്ങിയവര്‍ ബുറാഖ് സര്‍വീസ് സമാരംഭ ചടങ്ങില്‍

ഷാര്‍ജ: രേഖകള്‍ ശേഖരിക്കാനും കൈമാറാനും ഷാര്‍ജ ധനകാര്യ വകുപ്പ് ‘ബുറാഖ്’ എന്ന പേരില്‍ വാഹനം ഏര്‍പ്പാട് ചെയ്യുന്നു. ആഡംബര വാഹനത്തിലാണ് സേവനം വേണ്ടതെങ്കില്‍ അതും സാധ്യമാണ്. ഇതുസംബന്ധിച്ച് ഷാര്‍ജ അസ്സറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള ഉസൂല്‍ സ്മാര്‍ട് ആപ്‌ളിക്കേഷനുമായി ധനകാര്യ വകുപ്പ് ധാരണയിലെത്തി.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് ഷാര്‍ജ ധനകാര്യ വകുപ്പെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജ ധനകാര്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി, വകുപ്പ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍ സയീഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ചടങ്ങില്‍ ഷാര്‍ജ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഷാര്‍ജ ധനകാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ആയിഷ അബ്ദുല്ല അല്‍ ഹുസ്‌നിയും ഉസൂല്‍ സ്മാര്‍ട് ആപ്‌ളിക്കേഷനുകള്‍ക്ക് വേണ്ടി കമ്പനി സിഇഒ ജാസിം അല്‍ഹമ്മാദിയും ധാരണ പത്രം ഒപ്പിട്ടു കൈമാറി.
ആഡംബര ലിമോസിന്‍ റിസര്‍വേഷന്‍ സേവനം ഉള്‍പ്പെടെ ഡിജിറ്റല്‍ സേവനങ്ങളുടെ ഒരു ശ്രേണി തന്നെ നല്‍കുമെന്ന് ജാസിം അല്‍ഹമ്മാദി പറഞ്ഞു. നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താന്‍ ഏറ്റവും ഉയര്‍ന്ന പ്രതിരോധ നടപടികളും മുന്‍കരുതല്‍ നടപടികളും കണക്കിലെടുത്തായിരിക്കും രേഖകള്‍ വഹിച്ചു കൊണ്ടുള്ള ഗതാഗത സേവനം. ബുറാഖ് ആപ്പ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. ഷാര്‍ജ സിറ്റി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആപ്പാണിത്.

ഷാര്‍ജ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് സര്‍വീസസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ആയിഷ അബ്ദുല്ല അല്‍ ഹുസ്‌നിയും ഉസൂല്‍ കമ്പനി സിഇഒ ജാസിം അല്‍ഹമ്മാദിയും ധാരണ പത്രം ഒപ്പിടുന്നു

എമിറേറ്റിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട് ഫോണുകളില്‍ നിന്ന് നേരിട്ട് ഒരു ലിമോസിന്‍ റിസര്‍വ് ചെയ്യാന്‍ കഴിയും. ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആരംഭ സ്ഥലവും ലക്ഷ്യ സ്ഥാനവും വ്യക്തമാക്കിയാല്‍ മതി. ലിമോസിന്‍ അയക്കുന്നതാണ്. ആപ്‌ളിക്കേഷന്‍ ഡ്രൈവറുടെ പേര്, കാര്‍ നമ്പര്‍, കാറിന്റെ വരവ് പ്രതീക്ഷിക്കുന്ന സമയം എന്നിവ കാണിക്കും. ആധുനിക ബിഎംഡബ്‌ള്യു കാറുകളുടെ ഒരു കൂട്ടം ഈ സേവനത്തില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കാന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ഈ മേഖലയിലെ ഏറ്റവും പുതിയതും നൂതനവുമായ സ്മാര്‍ട് ആപ്‌ളിക്കേഷനുകളിലൊന്നാണ് ബുറാഖ്. ഇതുവഴി എളുപ്പത്തില്‍ ലിമോസിന്‍ ബുക് ചെയ്യാന്‍ സാധിക്കും. കൂടാതെ, ഷാര്‍ജ നഗരത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ പ്രമാണങ്ങള്‍ ശേഖരിക്കാനും കൈമാറാനും സേവനം ലഭ്യമാക്കിയിട്ടുണ്ട്. വേഗത്തിലും കൃത്യതയോടും കൂടി രേഖകള്‍ കൈമാറുന്നതിലൂടെ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രകടനം മെച്ചപ്പെടും. എമിറേറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.
രേഖകളുടെ ശേഖരണത്തിനും അവ നിര്‍ദിഷ്ട കക്ഷികള്‍ക്ക് കൃത്യ സമയത്ത് ഏറ്റവും മികച്ച നിലയില്‍ എത്തിക്കാനും ഉസൂല്‍ സ്മാര്‍ട് ആപ്‌ളിക്കേഷനുകളുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആയിഷ അല്‍ഹുസ്‌നി പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ ഡോക്യുമെന്റ്, രസീത് ഡെലിവറി സേവനവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമായാണ് സേവനം പരിമിതപ്പെടുത്തിയിരിക്കുന്നത്. ആപ്‌ളിക്കേഷന്‍ വഴി ഉപയോക്താവിന് അവരുടെ പ്രമാണ ഡെലിവറിയെ കുറിച്ചുള്ള പ്രസക്തമായ മുഴുവന്‍ വിവരങ്ങളും തീയതി, ഡെലിവറി സമയം, സ്വീകര്‍ത്താവിന്റെ പേര് എന്നിവയും പരിശോധിക്കാന്‍ കഴിയും. ലിമോസിന്‍ പൊതുജനങ്ങള്‍ക്കും ആകാമെന്നും അധികൃതര്‍ അറിയിച്ചു.