ജിസിസിയില്‍ കൊറോണ ബാധിതര്‍ 7.8 ലക്ഷം കവിഞ്ഞു; മരണം 6,570

    റസാഖ് ഒരുമനയൂര്‍
    അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം 7.8 ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 781,620 പേരാണ് ഇതു വരെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19ന് വിധേയരായത്. ജൂലൈ 10ന് ഇത് 521,888 ആയിരുന്നു. കഴിഞ്ഞ 65 ദിവസത്തിനകം 259,732 പേരുടെ വര്‍ധനയാണുണ്ടായത്. അതേസമയം, കഴിഞ്ഞ ഒരു മാസത്തിലധികമായി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മരണ നിരക്കിലും കാര്യമായ കുറവുണ്ടായി.
    ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു വരെ 6,570 പേരാണ് മരിച്ചത്. 65 ദിവസത്തിനിടെ 3,213 പേര്‍ക്ക് ജീവഹാനിയുണ്ടായി. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിനിരയായത്. ഇതു വരെ 4,369 പേരാണ് മരിച്ചത്. 327,551 പേരെയാണ് ഇതു വരെ രോഗബാധിതരായി സ്ഥിരീകരിച്ചത്. ഇതില്‍ 306,004 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 17,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
    രോഗബാധിതരുടെ കാര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഖത്തറില്‍ 122,449 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 208 പേര്‍ക്കാണ് കോവിഡ് മൂലം ഖത്തറില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 2,841 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 704,982 കോവിഡ് പരിശോധനകളാണ് ഇതു വരെ നടന്നത്.
    ഗള്‍ഫില്‍ കോവിഡ് മരണത്തില്‍ രണ്ടാം സ്ഥാനത്ത് ഒമാനാണ്. 805 പേരാണ് ഒമാനില്‍ മരിച്ചത്. 91,196 പേരാണ് ഇതിനം രോഗികളായി മാറിയത്. 6,028 പേര്‍ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 309,212 കോവിഡ് പരിശോധനകളാണ് ഒമാനില്‍ ഇതു വരെ നടന്നത്. കുവൈത്തില്‍ 571 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇവിടെ മൊത്തം 87,187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മാറിയവര്‍ 87,187 ആണ്. 9,241 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 689,588 കോവിഡ് പരിശോധനകളാണ് കുവൈത്തില്‍ ഇതു വരെ നടത്തിയത്.
    യുഎഇയില്‍ 81,782 പേരാണ് രോഗ ബാധിതരായി സ്ഥിരീകരിച്ചത്. ഇതില്‍ 9,924 പേരാണ് ചികിത്സയിലുള്ളത്. ഇതു വരെ 402 പേരുടെ മരണമാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഇടം പിടിച്ചിട്ടുണ്ട്. ഇതിനകം 83,72,062 കോവിഡ് പരിശോധനകളാണ് നടന്നത്. ബഹ്‌റൈനില്‍ 61,643 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 215 പേര്‍ക്ക് മരണം സംഭവിച്ചു. 6,597 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മറ്റുള്ളവരെല്ലാം രോഗമുക്തി നേടിയവരാണ്. 12,76,075 കോവിഡ് പരിശോധനകള്‍ ബഹ്‌റൈനില്‍ നടത്തുകയുണ്ടായി.