കോവിഡ് 19 രോഗികള്‍ വര്‍ധിക്കുന്നു;കൂടുതല്‍ ജാഗ്രത അനിവാര്യം   

5

റസാഖ് ഒരുമനയൂര്‍ 

അബുദാബി: യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന പ്രവാസികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കുന്നു. എന്നാല്‍, ആശങ്കക്ക് പകരം ജാഗ്രതയോടെ കഴിയാനാണ് പ്രവാസികള്‍ സ്വയം പ്രതിജ്ഞയെടുക്കുന്നത്. കോവിഡ് 19ന്റെ മൂര്‍ധന്യാവസ്ഥക്ക് ശേഷം ഇന്നലെയാണ് ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തിയത്. 1,083 പേരിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞ യുഎഇയില്‍ വീണ്ടും രോഗികളുടെ എണ്ണം ഉയരാതിരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇക്കാര്യത്തില്‍ പ്രവാസികളുടെ ജാഗ്രതയും സൂക്ഷ്മതയും പരമ പ്രധാനമാണെന്നതില്‍ സംശയമില്ല. സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യങ്ങള്‍ക്ക് മാത്രം മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്ന ശീലം തുടരണമെന്നാണ് പുതിയ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പോലും അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. എങ്ങനെയും രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന തടയുക മാത്രമല്ല, പൂര്‍ണമായും കോവിഡ് മുക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ആരോഗ്യ വിഭാഗം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഓഫീസുകളിലും തൊഴില്‍ സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സാമൂഹിക അകലം കര്‍ശനമായും പാലിക്കുന്നതില്‍ പ്രവാസികള്‍ക്കും പ്രധാന പങ്ക് വഹിക്കാനുണ്ട്. മാസ്‌കും മറ്റു പ്രതിരോധ മാര്‍ഗങ്ങളും നിരന്തരം തുടരണമെന്ന ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം പൂര്‍ണമായും പാലിക്കുകയാണെങ്കില്‍ രോഗികളുടെ എണ്ണം അതിവേഗം കുറക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്. അതേസമയം, തങ്ങളുടേതായ പ്രതിരോധ രീതികളില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്ന് തന്നെയാണ് പ്രവാസികള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നത്.

നാട്ടില്‍ നിന്നും വരുന്നവര്‍ ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ അബുദാബിയില്‍ അത്തരത്തിലുള്ള വ്യാപനം തീരെ ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ നിന്നെത്തിയ നിരവധി പേരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇത് മൂലം ഇതര രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നുണ്ടായേക്കാവുന്ന വ്യാപനം തടയാന്‍ കഴിയുന്നുണ്ട്. ചെറുതും വലുതുമായ വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോക്താക്കളെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, സഊദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പ്രവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് പ്രവാസികള്‍ യാത്രക്കുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് വിമാന സര്‍വീസ് നിര്‍ത്തിയതായ അറിയിപ്പ് ലഭിച്ചിട്ടുള്ളത്. ഇതര ഗള്‍ഫ് രാജ്യങ്ങളും സമാനമായ തീരുമാനമെടുക്കുമോയെന്ന ആശങ്ക പ്രവാസികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നുണ്ട്.

കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നത് ഏറെ ഗൗരവത്തോടെയാണ് സര്‍വരും നോക്കിക്കാണുന്നത്. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് വിവിധ വിദേശ രാജ്യങ്ങളും കേരളത്തിലെ ദൈനംദിന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.