തിരുത്തിയതും എഴുതിയതുമായ കോവിഡ് റിസള്‍ട്ട് സ്വീകാര്യമല്ല

അബുദാബി: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് 19 പരിശോധനാ റിസല്‍ട്ടിന്റെ അസ്സല്‍ കൈവശം വെക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തിരുത്തല്‍ വരുത്തിയതോ പേന കൊണ്ട് എഴുതിയതോ ആയ റിപ്പോര്‍ട്ടുകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഇത്തരക്കാരെ യാത്ര ചെയ്യാന്‍ എയര്‍ലൈനുകള്‍ അനുവദിക്കുന്നതല്ല. ഒറിജിനല്‍ ലെറ്റര്‍ ഹെഡില്‍ ഉള്ളതും ഇംഗ്‌ളീഷില്‍ ഉള്ളതുമായിരിക്കണം. സ്ഥാപനത്തിന്റെ സ്റ്റാമ്പ് പതിച്ചിരിക്കണം. ഫോട്ടോ കോപ്പി സ്വീകാര്യമല്ല. റിസള്‍ട്ടിന് 96 മണിക്കൂര്‍ സമയം മാത്രമേ സാധുതയുണ്ടാവുകയുള്ളൂ.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പലര്‍ക്കും ഇതു മൂലം യാത്ര ചെയ്യാനാവാതെ തിരിച്ചു പോകേണ്ട അവസ്ഥയുമുണ്ടായി. യുഎഇ അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂവെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ചില ചെറുകിട സ്ഥാപനങ്ങള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.