കോവിഡ് മരണം 10 ലക്ഷം കടന്നു; ആശങ്ക മാറാതെ ലോക രാജ്യങ്ങള്‍

അബുദാബി: കോവിഡ് 19 വരുത്തിയ ആശങ്ക പല രാജ്യങ്ങളില്‍ നിന്നും ഇനിയും വിട്ടു മാറിയിട്ടില്ല. 3.39 കോടി ജനങ്ങളാണ് വ്യത്യസ്ത രാജ്യങ്ങളിലായി കോവിഡ് രോഗത്തിന് വിധേയരായത്. വിവിധ രാജ്യങ്ങളിലായി പത്തു ലക്ഷത്തിലധികം പേരാണ് ഇതിനകം ജീവിതത്തോട് വിട പറഞ്ഞത്.
കേവലം സോപ്പ് കൊണ്ടു നശിപ്പിക്കാവുന്ന അണുക്കളാണെങ്കിലും കൊറോണ മൂലം ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഏതാനും മാസങ്ങള്‍ക്കിടെ നഷ്ടപ്പെട്ടത്. ലോകം കണ്ടതില്‍ വച്ചേറ്റവും മാരകമായ രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ലോക രാജ്യങ്ങളുടെ അമരക്കാരനെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തുടക്കത്തില്‍ മരണം ഒരു ലക്ഷം വരെ എത്തിയേക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീടത് രണ്ടു ലക്ഷം വരെയായി ഉയരുമെന്ന പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 210,814 പേര്‍ക്ക് ഇതിനകം ജീവഹാനി സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. വരുംനാളുകളില്‍ ഉണ്ടാവാനിടയുള്ള കണക്കുകളെ കുറിച്ച് ഇനിയും ആര്‍ ക്കും പറയാനാവില്ല.
കോവിഡ് കണക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ 97,624 പേരാണ് ഇതിനകം മരിച്ചത്. ഇന്ത്യയുടെ ദേശീയ ശരാശരിയെക്കാള്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.