ഷാര്‍ജ ആഫ്രിക്കന്‍ ഹാളിന് സമീപത്തെ കൂറ്റന്‍ ടെന്റില്‍ കോവിഡ് ടെസ്റ്റ് സൗജന്യം

  5

  കോവിഡ് 19 ടെസ്റ്റ് നിര്‍ദേശവുമായി കാമ്പയിന്‍ വ്യാപകം

  ഗഫൂര്‍ ബേക്കല്‍
  ഷാര്‍ജ: കോവിഡ് 19 ടെസ്റ്റിന് വിധേയരാവണമെന്ന സന്ദേശവുമായി അധികൃതര്‍ കാമ്പയിന്‍ വ്യാപകമാക്കി. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കാമ്പയിനില്‍ ജീവനക്കാര്‍ ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന നിര്‍ദേശവുമുണ്ട്. എമിറേറ്റിലെ പ്രധാന വ്യാപാര മേഖലയായ റോളയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇതുസംബന്ധിച്ച ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് കൈമാറി. ഷാര്‍ജ ഗവണ്‍മെന്റ്, നഗരസഭ, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍. ഷോപ്പുകള്‍ കയറിയിറങ്ങി കോവിഡ് പരിശോധനക്ക് വിധേയമാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടത്തി വരുന്നു ഉദ്യോഗസ്ഥര്‍. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ നിരന്തര പരിശോധനകള്‍ നടത്താനും നഗരസഭാ ആരോഗ്യ വിഭാഗത്തിന് പദ്ധതിയുണ്ട്.
  അധികൃതര്‍ അനുവദിച്ച സമയ പരിധിക്കകം കോവിഡ് 19 ടെസ്റ്റിന് വിധേയമായില്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലെ മുഖ്യ പോസ്റ്റോഫീസിന് എതിര്‍ വശത്ത് അല്‍ മനഖ് ഏരിയയിലെ ആഫ്രിക്കന്‍ ഹാളിനോട് ചേര്‍ന്ന് സജ്ജീകരിച്ച കൂറ്റന്‍ ടെന്റിലെത്തി കോവിഡ് ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. പ്രസ്തുത ടെന്റില്‍ നടത്തുന്ന കോവിഡ് ടെസ്റ്റ് പൂര്‍ണമായും സൗജന്യമാണ്. യാതൊരു വിധത്തിലുള്ള ഫീസും അടക്കേണ്ടതില്ല.
  ദിവസവും രാവിലെ 9 മണി മുതലാണ് ആഫ്രിക്കന്‍ ഹാളിന് സമീപത്തെ ടെന്റില്‍ കോവിഡ് 19 ടെസ്റ്റ് ആരംഭിക്കുക. വൈകുന്നേരം 6 മണിക്ക് അവസാനിക്കും. റെസിഡന്‍സ് വിസക്കാര്‍ എമിറേറ്റ്‌സ് ഐഡിയുമായെത്തി കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യലാണ് ആദ്യ നടപടിക്രമം. വിശാലമായ ശീതീകരിച്ച കാത്തിരിപ്പു സ്ഥലം ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. സ്ത്രീകള്‍ക്കും പുഷന്മാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ടെസ്റ്റ് മുറികളും സംവിധാനിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ടെസ്റ്റ് നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. രണ്ട് ദിവസം കൊണ്ട് പരിശോധനാ ഫലം അറിയാനും സാധിക്കും.