യുഎഇയില്‍ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറക്കുന്നു

    ദുബൈ: യുഎഇയില്‍ കോവിഡ് വ്യാപനം രണ്ടാംഘട്ടമെന്ന നിലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുബൈയിലെയും അബുദാബിയിലെയും പ്രധാനപ്പെട്ട ആസ്പത്രികളില്‍ കോവിഡ് പരിശോധിക്കാനുള്ള നിരക്ക് കുറക്കുന്നു. ഇത് രണ്ടാംതവണയാണ് കോവിഡ് പരിശോധനക്കുള്ള നിരക്ക് താഴ്ത്തുന്നത്. അബുദാബിയിലെ മെഡിക്ലിനിക്കിലും സേഹയുടെ കീഴിലുള്ള ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും വില കുറച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് പരിശോധന എത്തിക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് പറയുന്നു. മെഡിക്ലിനിക്കിന്റെ ബ്രാഞ്ചുകളില്‍ വാറ്റ് അടക്കം 189 ദിര്‍ഹം ആക്കി കുറച്ചിട്ടുണ്ട്. അബുദാബിയിലെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഹോസ്പിറ്റലുകളിലും കോവിഡ് പരിശോധിക്കാനുള്ള ചെലവ് കുറച്ചിട്ടുണ്ട്. അബുദാബിയിലെ മെഡിയര്‍, എല്‍എല്‍എച്ച് ഹോസ്പിറ്റലുകളിലും ഈ സൗജന്യം ലഭ്യമാകും. മുമ്പ് യുഎഇയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെങ്കില്‍ 370 ദിര്‍ഹം നല്‍കേണ്ടിവന്നിരുന്നു. പിന്നീട് സെപ്തംബര്‍ ആദ്യത്തില്‍ 250 ദിര്‍ഹമാക്കി കുറച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍, ഇത്തിഹാദ് എയര്‍ലൈന്‍ യാത്രക്കാര്‍ തുടങ്ങിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തിയിരുന്നു. നിലവില്‍ മുന്‍കൂര്‍ ബുക്കിംഗില്ലാതെ അബുദാബി, അല്‍ഐന്‍, ദുബൈ എന്നിവിടങ്ങളിലെ മെഡിക്ലിനിക് ഹോസ്പിറ്റലുകളിലും കോവിഡ് പരിശോധന കുറഞ്ഞ നിരക്കില്‍ ലഭിക്കും. അബുദാബിയിലെ ബുര്‍ജീന്‍ ഹോസ്പിറ്റലില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ കോവിഡ് പരിശോധന നടത്തും. അതേസമയം രോഗലക്ഷണങ്ങളുള്ള യുഎഇ പൗരന്മാര്‍ക്കും അമ്പത് വയസ്സിന് മുകളിലുള്ള താമസക്കാര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും പരിശോധന സൗജന്യമായിരിക്കും.