ദുബൈ: സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള കോവിഡ് -19 പരിശോധന നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. സെപ്റ്റംബര്‍ 5 ശനിയാഴ്ച മുതല്‍ പിസിആര്‍ അല്ലെങ്കില്‍ ഡിപിഐ പരിശോധന ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാം. ഡിപിഐ പരിശോധന നടത്താന്‍ ഒരു മുന്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. മറ്റു എമിറേറ്റുകളില്‍ നിന്നെത്തി അബുദാബിയില്‍ തുടര്‍ച്ചയായി ആറ് ദിവസമോ അതില്‍ കൂടുതലോ താമസിക്കുന്ന താമസക്കാരും സന്ദര്‍ശകരും ഓരോ സന്ദര്‍ശനത്തിന്റെയും ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം. അതായത് പരിശോധന ഫലത്തിന്റെ ആറാം ദിവസത്തില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്തണമെന്ന്. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വൈറസ് ബാധിച്ച ഒരാളില്‍ നിന്നും അതിന്റെ ഫലങ്ങള്‍ പുറത്തറിയണമെങ്കില്‍ ദിവസങ്ങളെടുക്കുമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ആറ് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.