മൂന്നാം ദിവസവും 1,000 കടന്ന് കോവിഡ് 19; രണ്ടു മരണം

ദുബൈ/അബുദാബി: ഇന്നലെ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് 19 യുഎഇയില്‍ 1,000 കടന്നു. 1,008 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. 92,058 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെ, യുഎഇയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 89,540 ആയി ഉയര്‍ന്നു.
രണ്ടു പേരുടെ മരണമാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. ഇതോടെ, കോവിഡ് മൂലം യുഎഇയില്‍ മരിച്ചവരുടെ എണ്ണം 409 ആയി. 882 പേര്‍ക്ക് ഇന്നലെ രോഗം സുഖപ്പെട്ടു. മൊത്തം രോഗം മാറിയവരുടെ എണ്ണം 78,819 ആണ്.
അത്യാധുനിക മെഡിക്കല്‍ ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രാലയം വിദേശികളും സ്വദേശികളുമായവരില്‍ പരിശോധന നടത്തി വരുന്നത്. കൊറോണ വൈറസ് കേസുകള്‍ നേരത്തെ കണ്ടെത്താനും ആവശ്യമായ ചികിത്സ നല്‍കാനുമായി രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കാന്‍ ലക്ഷ്യമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വെളിപ്പെടുത്തി.
പുതുതായി കണ്ടെത്തിയ രോഗം ബാധിച്ച വ്യക്തികള്‍ വിവിധ രാജ്യക്കാരാണ്. എന്നാല്‍, ഇവര്‍ ആരോഗ്യത്തോടെയാണുള്ളതെന്നും ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രാലയം ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തി. കോവിഡ് 19 രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അതിനിടെ, ആരോഗ്യ അധികൃതരുമായി സഹകരിക്കണമെന്നും ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താനുള്ള നിര്‍ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം സമൂഹത്തിലെ എല്ലാവരോടും ആഹ്വാനം ചെയ്തു.