ദുബൈയില്‍ സാംക്രമിക രോഗ ക്ലിനിക്കുകളെ വേര്‍തിരിച്ചു

    ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി ദുബൈയിലെ ക്ലിനിക് സന്ദര്‍ശിക്കുന്നു

    ചിത്രം കടപ്പാട് ജിറ്റി

    ദുബൈ: പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റി സാംക്രമിക രോഗങ്ങള്‍ക്കായി ക്ലിനിക്കുകളെ വേര്‍തിരിച്ചു. എല്ലാ സൗകര്യങ്ങളിലുമുള്ള രോഗികള്‍ക്ക് സുരക്ഷിതമായ ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യമിടുന്നത്. അല്‍ മിസ്ഹര്‍, അല്‍ സഫ, അല്‍ മംസാര്‍ ക്ലിനിക്കുകള്‍ ഇനി മുതല്‍ പനി ക്ലിനിക്കില്‍ രോഗികളെ സ്വീകരിക്കില്ലെന്നും പനി വന്നാല്‍ മറ്റ് ഡിഎച്ച്എ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് രോഗികളെ പറഞ്ഞയക്കുമെന്നും ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു. ഡിഎച്ച്എയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന രോഗികളുടെ സുരക്ഷ, ആരോഗ്യം, പ്രത്യേകിച്ച് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, നിശ്ചയദാര്‍ഡ്യ മുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികള്‍ എന്നിവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനാണ് അതോറിറ്റി ഇത്തരമൊരു നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം അല്‍ഖത്താമി അല്‍മിസ്്ഹര്‍ സെന്റര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ സൗകര്യങ്ങളില്‍ രോഗികളുടെ സുരക്ഷക്ക് അതോറിറ്റി വലിയ പ്രാധാന്യം നല്‍കുന്നുവെന്നും രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് അതോറിറ്റി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എടുത്തുകാട്ടി. പ്രാഥമിക ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഡിഎച്ച്എ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങളില്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രതിരോധവും മെഡിക്കല്‍ പരിചരണ സേവനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.