ദുബൈയിലെ സ്‌കൂളുകളില്‍ കോവിഡ് ബോധവത്കരണ കാമ്പയിന്‍

    ദുബൈ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യ ബോധം ഉണ്ടാക്കുന്നതിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ കാമ്പയിന്‍ നടക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും ക്ഷേമവും പരിപാലിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഡിഎച്ച്എയിലെ പൊതുജനാരോഗ്യ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ദുബൈയിലെ എട്ട് സ്വകാര്യ സ്‌കൂളുകള്‍ സന്ദര്‍ശിക്കും. രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ വ്യക്തിപരമായും കൂടുതല്‍ സ്‌കൂളുകളിലും പ്രചാരണം നടത്തും. സ്‌കൂളില്‍ പ്രവേശിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ക്കും വിധേയരാകും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അണുബാധ പകരാനുള്ള സാധ്യത കുറക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി സ്‌കൂളുകള്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. അതിലൂടെ അവര്‍ക്ക് സ്വയം പര്യാപ്തത നേടും. കുട്ടികള്‍ക്ക് പങ്കെടുക്കാനും ഇടപഴകാനും കഴിയുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡിഎച്ച്എയുടെ പൊതുജനാരോഗ്യ സംരക്ഷണ വകുപ്പിലെ ആരോഗ്യ പ്രമോഷന്‍, വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ ഹെന്ദ് അല്‍ അവാദി പറഞ്ഞു. പ്രൈമറി സ്‌കൂളുകളിലുള്ള കുട്ടികളെ ക്വിസ്, പസിലുകള്‍ പോലുള്ള സംവേദനാത്മക രീതികളിലൂടെ കോവിഡ്-19 നെക്കുറിച്ച് പഠിപ്പിക്കും. സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് എത്തുമ്പോള്‍ ചെയ്യേണ്ട ശുചിത്വ നടപടികളെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും കൂടുതല്‍ വിശദമായി വിവരിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കും. ആരോഗ്യവും സുരക്ഷയും നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ മാതാപിതാക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഡോ. അല്‍ അവാദി ചൂണ്ടിക്കാട്ടി.