കോവിഡ് മുന്‍കരുതല്‍ പാലിച്ചില്ല അഞ്ച് സലൂണുകള്‍ അടച്ചു

    ദുബൈ: കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതിന് ദുബൈ മുനിസിപ്പാലിറ്റി അഞ്ച് സലൂണുകളും മൂന്ന് ഭക്ഷ്യസ്ഥാപനങ്ങളും അടച്ചുപൂട്ടി. മറ്റ് 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും മറ്റുള്ളവര്‍ക്കെതിരെ 57 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. ഒരു ദിവസം ശരാശരി 2,555 പരിശോധനകളാണ് മുനിസിപ്പാലിറ്റി നടത്തുന്നത്. റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ഭക്ഷണം നല്‍കുന്ന കഫേകള്‍, പലചരക്ക് സാധനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയും ഡെലിവറി വാഹനങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഓരോ ഓര്‍ഡറിനുശേഷവും ഭക്ഷ്യ സുരക്ഷാ നടപടികള്‍ പാലിക്കാനും ദുബൈ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഡെലിവറി തൊഴിലാളികള്‍ ഓരോ ഓര്‍ഡറിനും ശേഷം മാസ്‌കുകളും കയ്യുറകളും മാറ്റണം. ഉപഭോക്തൃ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി മുനിസിപ്പാലിറ്റിയിലെ പരിശോധനാ സംഘങ്ങള്‍ നിരവധി പതിവ് പരിശോധന സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ദുബൈ എമിറേറ്റിലെ പൊതുജനാരോഗ്യവും കമ്മ്യൂണിറ്റി സുരക്ഷയും സംബന്ധിച്ച് 2003 ലെ ലോക്കല്‍ ഓര്‍ഡര്‍ നമ്പര്‍ 11 പ്രകാരമാണ് പിഴ ചുമത്തുന്നുന്നത്. നിയമലംഘനത്തിന്റെ തരം അനുസരിച്ച് പിഴകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, ആവര്‍ത്തിച്ചാല്‍ ഇരട്ടിയാക്കുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു. ശാരീരിക അകലം പാലിക്കാത്തത്, തയ്യാറാക്കുമ്പോള്‍ മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ പോലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതിരിക്കല്‍, അംഗീകൃത അണുവിമുക്തമാക്കല്‍ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയത്. എല്ലാ ജനങ്ങളോടും മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ 800900 എന്ന നമ്പറില്‍ ബന്ധപ്പെടാനും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങള്‍ കണ്ടാല്‍ അറിയിക്കാനും ആവശ്യപ്പെടുന്നു. കൂടാതെ ദുബൈ എക്കണോമി 14 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പ്രധാനമായും ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കാതെയുള്ള ലംഘനങ്ങളാണ്. ശാരീരിക അകലം പാലിക്കുന്ന സ്റ്റിക്കറുകള്‍ ആവശ്യാനുസരണം സ്ഥാപിക്കാത്തതിന് മറ്റ് അഞ്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഫീല്‍ഡ് പരിശോധന സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മൊത്തത്തില്‍ 634 ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായും പാലിക്കുന്നതായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകളില്‍ ലഭ്യമായ ദുബൈ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ മുഖേന 600545555 എന്ന നമ്പറിലേക്ക് വിളിച്ചോ അല്ലെങ്കില്‍ കണ്‍സ്യൂമര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചോ പരാതികള്‍ അറിയിക്കണമെന്നും ദുബൈ എക്കണോമി പറഞ്ഞു.