നിര്‍മിത ബുദ്ധിയില്‍ വിസ്മയ നഗരം പണിയാന്‍ ദുബൈ

16

നിഷാദ്.പി
ഫുജൈറ: വരാനിരിക്കുന്ന ലോകത്തെ നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഥവാ നിര്‍മിത ബുദ്ധി ആയിരിക്കുമെന്നതില്‍ യുഎഇക്ക് സംശയമില്ല. അറബ് ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ യുഎഇ ലോകത്താദ്യമായി നിര്‍മിത ബുദ്ധിക്ക് ഒരു പ്രത്യേക മന്ത്രിയെ തന്നെ നിയമിച്ച രാജ്യമാണ്.
എണ്ണയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള ഒരു പരിവര്‍ത്തനമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നത് തീര്‍ച്ച. ആദ്യമായി റോബോ പൊലീസിനെ ഡ്യൂട്ടിക്കായി ഇറക്കിയതും ദുബൈ ആണെന്നത് ശ്രദ്ധേയമാണ്.
യുഎഇയില്‍ സാങ്കേതിക വിദ്യാ വിപ്‌ളവത്തിന്റെ അമരത്തുള്ളത് ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലമ എന്ന മുപ്പതുകാരനാണ്. പ്രതിഭാധനനായ ഈ യുവാവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ മന്ത്രി. ഭാവിയില്‍ ചൊവ്വാ ഗ്രഹത്തില്‍ വീട് നിര്‍മിക്കുന്നതുള്‍പ്പടെയുള്ള വമ്പന്‍ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഇദ്ദേഹമായിരിക്കും.
600,000 ജനങ്ങള്‍ക്ക് അധിവസിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു നഗരം ചൊവ്വയില്‍ വികസിപ്പിക്കുകയാണ് യുഎഇയുടെ പ്രധാന ലക്ഷ്യം. ഇതിന് കരുത്തേകുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാകും. അതാണ് അവരുടെ ഈ ഫ്യൂചറിസ്റ്റിക് തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണത്തിലധിഷ്ഠിതമായ പദ്ധതികളാണ് ഈ മുന്നേറ്റത്തിന് കാരണം.
2030 ആകുമ്പോഴേക്കും ദുബൈ തെരുവുകളെ നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധി ആധാരമായ റോബോകോപ്പുകളായിരിക്കും. വായുവിലും റോഡിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ വാഹനങ്ങള്‍ മതിയെന്നാണ് ദുബൈ സര്‍ക്കാറിന്റെ ആഗ്രഹം.
സാങ്കേതിക വിപ്‌ളവത്തോട് വലിയ അഭിനിവേശമുള്ള ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. അതുകൊണ്ടുതന്നെ, മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അത് തന്റെ നാട്ടില്‍ നടപ്പാക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട് അദ്ദേഹം. മറ്റ് അറബ് നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദുബൈ നിലനില്‍ക്കുന്നതിന് കാരണവും ഇതുതന്നെ. പരിമിത സ്രോതസ്സുകള്‍ മാത്രമുണ്ടായിരുന്ന ദുബൈ പോലുള്ള ഒരു നഗരത്തെ ഇത്തരത്തില്‍ കുതിപ്പുണ്ടാക്കുന്ന ഒരു ഹൈടെക് ഇടമാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
യുഎസും ചൈനയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളോടാണ് ചൊവ്വാ പദ്ധതിയുമായി ദുബൈ മത്സരിക്കുന്നത്. ഭാവിയെ നിയന്ത്രിക്കുന്ന സംരംഭങ്ങളിലാണ് കുടുതല്‍ ശ്രദ്ധ വേണ്ടതെന്ന വലിയ കാഴ്ചപ്പാടാണ് യുഎഇക്കും ദുബൈക്കുമുള്ളത്. അതുകൊണ്ടു തന്നെ, ബഹിരാകാശം ലക്ഷ്യമിട്ടുള്ള പദ്ധതികളിലാണ് അവറിപ്പോള്‍ കൂടുതലായി നിക്ഷേപിക്കുന്നത്. അതിന്നായി, ഇപ്പോള്‍ തന്നെ 10 ബില്യന്‍ ഡോളറിലധികം നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള സ്‌പേസ് മാന്ത്രികന്‍മാരുടെ സഹായം ലഭ്യമാക്കാനും യുഎഇ ശ്രമിക്കുന്നുണ്ട്.
പൈലറ്റില്ലാതെ പറക്കുന്ന ടാക്‌സികള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി(ആര്‍ടിഎ)യുടെ ലൈസന്‍സിംഗ് ഏജന്‍സി സിഇഒയും സ്മാര്‍ട്ട് വെഹികിള്‍ കമ്മിറ്റി ചെയര്‍മാനുമായ അഹ്മദ് ബഹ്‌റൂസിയന്‍ നേരത്തെ പറഞ്ഞിരുന്നു.
നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി നഗരത്തെ അടിമുടി മാറ്റാനാണ് സര്‍ക്കാറിന്റെ പദ്ധതി. പറക്കും കാറുകളും ഡ്രൈവറില്ലാ കാറുകളുമെല്ലാമായി ദുബൈ നഗരം ഏറ്റവും സ്മാര്‍ട്ട് ആവണമെന്നാണ് ശൈഖ് മുഹമ്മദ് ചിന്തിക്കുന്നത്. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട പുരോഗതി അവര്‍ പുറത്തു വിടുകയും ചെയ്യുന്നുണ്ട്.
യുഎഇ സര്‍ക്കാര്‍ ഇമാറാത്തി സമൂഹത്തിനു വേണ്ടിയുള്ളതാണ്. അറിവാണ് അതിന്റെ ആധാരം. ശാസ്ത്രവും ഗവേഷണവും മുഖ്യ അജണ്ടയാകും. അതിന് പൂര്‍ണ പിന്തുണയും നല്‍കും -ശൈഖ് മുഹമ്മദ് പറഞ്ഞു.
നിര്‍മിത ബുദ്ധിയെ സ്വീകരിക്കുന്നതിന് ഏറ്റവും തയാറെടുപ്പുകള്‍ നടത്തിയ രാജ്യമായി യുഎഇയെ മാറ്റണമെന്നാണ് ശൈഖ് മുഹമ്മദിന്റെ ആഗ്രഹം. അദ്ദേഹം അത് പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ ടെക്‌നോളജിയും പറക്കും കാറുകള്‍ പുറത്തിറക്കാന്‍ തയാറായി രംഗത്ത് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളില്ലാ പറക്കും കാറുകള്‍ക്ക് പറന്നു പൊങ്ങുന്നതിനും ലാന്‍ഡ് ചെയ്യുന്നതിനും പറ്റിയ സ്ഥലം കണ്ടെത്താനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. ആര്‍ടിഎയും ചൈനീസ് കമ്പനിയായ ഇഹാന്‍ങ്ങും ചേര്‍ന്നാണ് ആളില്ലാ പറക്കും വാഹനം പുറത്തിറക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
600,000 ജനങ്ങള്‍ക്ക് അധിവസിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു നഗരം ചൊവ്വയില്‍ വികസിപ്പിക്കുകയാണ് യുഎഇയുടെ പ്രധാന ലക്ഷ്യം. ഇതിന് കരുത്തേകുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാകും. അതാണ് അവരുടെ ഈ ഫ്യൂചറിസ്റ്റിക് തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം. ഓട്ടോണമസ് വാഹനങ്ങളുടെ നിര്‍മാതാക്കളായ ജര്‍മന്‍ കമ്പനി വൊലോകോപറുമായി ആര്‍ടിഎ പങ്കാളിത്ത കരാര്‍ മുന്‍പേ ഒപ്പു വച്ചിട്ടുമുണ്ട്. സമീപ ഭാവിയില്‍ എയര്‍ ടാക്‌സി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഇവര്‍.
2030 ആകുമ്പോഴേക്കും നഗരത്തിന്റെ ഗതാഗത മേഖലയെ അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. 25 ശതമാനം ഓട്ടോണമസ് സംവിധാനങ്ങളിലേക്ക് അതോടെ മേഖല മാറും. സ്വയം പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനത്തിലൂടെ നഗരത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിക്കുമെന്നും അതിലൂടെ പ്രതിവര്‍ഷം 5.99 ബില്യന്‍ ഡോളര്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.
പറക്കും ടാക്‌സിക്ക് വളരെയധികം പ്രാധാന്യം ദുബൈ നല്‍കുന്നുണ്ടെന്നും സമീപ ഭാവിയില്‍ തന്നെ അതില്‍ യാത്രയാരംഭിക്കാന്‍ സാധിക്കുമെന്നും ബഹ്‌റൂസിയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എയര്‍ ടാക്‌സി സര്‍വീസ് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നഗരമായി മാറുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓട്ടോണമസ് എയര്‍ ടാക്‌സികള്‍ ബുക് ചെയ്യുന്നത് യാഥാര്‍ത്ഥ്യമാക്കുമെന്നും അധികൃതര്‍ പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ടിഎ എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പുതിയ മന്ത്രി എത്തിയത് ഈ പ്രവര്‍ത്തനങ്ങളെല്ലാം ത്വരിതപ്പെടുത്തും. ഇനി വരാനിരിക്കുന്നത് സ്മാര്‍ട്ട് ദുബൈ നിയന്ത്രിക്കുന്ന നാളുകളായിരിക്കും.