പുതുമോടിയോടെ, ലോകോത്തര കാഴ്ചകളുമായി— ദുബൈ സഫാരി പാര്‍ക്ക് ഒക്ടോബര്‍ 5ന് തുറക്കും

    7

    ദുബൈ: ദുബൈ സഫാരി പാര്‍ക്ക് ഒക്ടോബര്‍ 5ന് സന്ദര്‍ശകര്‍ക്ക് തുറക്കാനായി ഒരുങ്ങുന്നതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന പുതിയ വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീകരിച്ച പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ആഗോള ടൂറിസ്റ്റ് ഹബ്ബിന്റെ മികച്ച സൗകര്യങ്ങള്‍ സഫാരി പാര്‍ക്കില്‍ ലഭ്യമാകും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെയായിരിക്കും പാര്‍ക്കിലേക്കുള്ള പ്രവേശനം. ദുബൈയെ ലോകത്തിലെ മികച്ച ടൂറിസ്റ്റ് വിനോദ കേന്ദ്രമാക്കി മാറ്റണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സഫാരി പാര്‍ക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിനോദ-വിദ്യാഭ്യാസ പരിപാടികളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. 119 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ദുബൈ സഫാരി പാര്‍ക്കില്‍ 3000 ജന്തുജാലങ്ങള്‍ ഉണ്ടായിരിക്കും. വിവിധയിനം മൃഗങ്ങള്‍, പക്ഷികള്‍, മറ്റു വര്‍ഗങ്ങള്‍ ദുബൈ സഫാരി പാര്‍ക്കില്‍ പുതിയ കാഴ്ചയായിരിക്കും സൃഷ്ടിക്കുക. പുതിയ ഡിസൈനില്‍ പുനര്‍നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കും. നവീകരിച്ച പാര്‍ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് മാത്രമല്ല, അപൂര്‍വ്വയിനം മൃഗങ്ങളുടെ ജീവിതരീതി നേരില്‍ കണ്ടാസ്വദിക്കാനാവുമെന്ന ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹജ്്്‌രി പറഞ്ഞു. മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍, അവയുമായി നേരിട്ടുള്ള അനുഭവങ്ങള്‍ തുടങ്ങിയവ പുതിയ അറിവ് സമ്പാദിക്കാനും വേറിട്ട കാഴ്ചകള്‍ ആസ്വദിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ ആനകള്‍, ജിറാഫുകള്‍, കൊമോഡോ ഡ്രാഗണ്‍, സ്‌പൈറല്‍ ഹോര്‍ണ്‍ഡ് ആന്റലോപ്, അറേബ്യന്‍ ഒറിക്‌സ്, ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ്, ഗൊറില്ല, ഗിബ്ബന്‍, ബോംഗോ, ലെമൂര്‍ തുടങ്ങിയവ ദുബൈ സഫാരി പാര്‍ക്കിന്റെ പ്രത്യേകയായിരിക്കും. ആഫ്രിക്കന്‍ വില്ലേജ്, ഏഷ്യന്‍ വി്‌ല്ലേജ്, എക്‌സ്‌പ്ലോറര്‍ വില്ലേജ്, അറേബ്യന്‍ ഡസേര്‍ട്ട് സഫാരി എന്നിങ്ങനെ പാര്‍ക്കിനെ കാഴ്ചകളുടെ വൈവിധ്യങ്ങളാല്‍ വിഭജിച്ചിരിക്കുന്നു. ആഫ്രിക്കന്‍ വില്ലേജിലേക്ക് പ്രവേശിച്ചാല്‍ ആഫ്രിക്കന്‍ സഫാരിയുടെ അനുഭവം ദൃശ്യമാവും. മൃഗസംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപ്രാധാന്യം നല്‍കിയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. വെറ്ററിനറി, അനിമല്‍കെയര്‍ യൂണിറ്റ് ഇവിടെ എപ്പോഴും പ്രവര്‍ത്തിക്കും. മൃഗസംരക്ഷണത്തിന് ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. കൂടാതെ സുസ്ഥിരതയും പരിസ്ഥിതി സൗഹാര്‍ദ്ദവുമായിരിക്കും പാര്‍ക്കിന്റെ മുഖമുദ്ര. രണ്ട് വര്‍ഷം മുമ്പാണ് ദുബൈ സഫാരി പാര്‍ക്ക് താല്‍കാലികമായി അടച്ചിട്ടത്.