കാത്തിരിക്കൂ, ദുബൈ തിരിച്ചു വരും: ശൈഖ് അഹ്മദ്

7
ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം

നിഷാദ്.പി
ഫുജൈറ: കോവിഡ് 19 പകര്‍ച്ച വ്യാധിക്ക് ശമനമുണ്ടായാല്‍ പൂര്‍വാവസ്ഥയിലേക്ക് വേഗത്തില്‍ തിരിച്ചെത്താനുള്ള മികച്ച സാഹചര്യങ്ങള്‍ ദുബൈ, യുഎഇ സമ്പദ് വ്യവസ്ഥകള്‍ക്കുണ്ടെന്ന് ദബൈ ഉന്നത സാമ്പത്തിക കാര്യ കമ്മിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ് സിഇഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം. എന്നാല്‍, പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും രാജ്യങ്ങള്‍ക്ക് പുറത്തു കടക്കാനുള്ള സാഹചര്യം ലോകം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച അടിസ്ഥാന സൗകര്യം, വിമാന കമ്പനികള്‍, ഹോട്ടലുകള്‍ എന്നിവ തിരിച്ചുവരവിന് ആക്കം കൂട്ടും. സര്‍ക്കാര്‍ സമീപനം, വേഗമാര്‍ന്ന നടപടികള്‍, ക്ഷമതയുള്ള ആരോഗ്യ സേവനങ്ങള്‍, സ്വകാര്യ മേഖലയുടെ സഹകരണം എന്നിവയെല്ലാം ശുഭസൂചനകളാണെന്നും അറബ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പകര്‍ച്ചവ്യാധി വ്യോമ ഗതാഗത മേഖലയെ നിശ്ചലമാക്കുകയും ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളി വിടുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ നിന്ന് 17 ട്രില്യന്‍ ഡോളറാണ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ഭയത്തില്‍ ഇല്ലാതായത്. രോഗവ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും വായ്പകള്‍ നിരാകരിക്കപ്പെടുകയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തൊഴിലില്ലായ്മാ നിരക്ക് എത്തുകയും ചെയ്തതോടെ എട്ട് ട്രില്യന്‍ ഡോളറിലധികം വരുന്ന ഉത്തേജന പാക്കേജുകളാണ് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഒന്നാകെ പ്രഖ്യാപിച്ചത്. കോടിക്കണക്കിന് ഡോളര്‍ മുതല്‍മുടക്കുള്ള ടോക്ക്യോ ഒളിംപിക്‌സ് തുടങ്ങിയ പരിപാടികള്‍ മാറ്റി വെക്കുകയും 73 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷത്തെ ഹാനോവര്‍ മെസ് വാര്‍ഷിക വ്യാപാര മേള റദ്ദാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘ ദൂര വിമാന സര്‍വീസായ എമിറേറ്റ്‌സിനെ താങ്ങി നിര്‍ത്തിയിരുന്ന ദുബൈയിലെ ടൂറിസം രംഗം വര്‍ഷത്തില്‍ 20 മില്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പഴയ അവസ്ഥയിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ പ്രകടപ്പിച്ചെങ്കിലും ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചു മാത്രമേ ടൂറിസം മേഖലയുടെ തിരിച്ചുവരവ് ഉണ്ടാവുകയുള്ളൂവെന്ന് ശൈഖ് അഹ്മദ് അഭിപ്രായപ്പെട്ടു. അത് നമുക്ക് സ്വയം ചെയ്യാവുന്ന കാര്യമല്ല, മറ്റ് രാജ്യങ്ങള്‍ പരസ്പരം സഹായിക്കണം. എല്ലാവരും മറ്റുള്ളവര്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിടാന്‍ തയാറായാല്‍ കാര്യങ്ങളെല്ലാം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. യൂറോപ്പ് പതുക്കെ വിപണികള്‍ തുറക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് അവരുടെ നീക്കങ്ങള്‍. മറ്റുള്ളവരും അത് ചെയ്യുന്നു.
ദുബൈയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 11.5 ശതമാനം പങ്കാളിത്തമാണ് ടൂറിസം മേഖലക്കുള്ളത്. 2019ല്‍ ഏകദേശം 16.73 ദശലക്ഷം വിനോദ സഞ്ചാരികളാണ് ദുബൈയിലെത്തിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 5.1 ശതമാനം അധികമായിരുന്നു അത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ ‘2019 സിറ്റീസ് റിപ്പോര്‍ട്ട്’ പ്രകാരം അന്താരാഷ്ട്ര സന്ദര്‍ശകര്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ മികച്ച നഗരമാണ് ദുബൈ. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തണമെന്നും ബിസിനസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആളുകള്‍ എങ്ങനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തുമെന്നും ശൈഖ് അഹ്മദ് ചോദിക്കുന്നു. എന്നന്നേക്കുമായി ലോക്ക്ഡൗണില്‍ തുടരുക സാധ്യമല്ല. അധികാരികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പതുക്കെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തും. എന്നാല്‍, എപ്പോഴാണ് ഇത് അവസാനിക്കുകയെന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ലെന്നും ശൈഖ് അഹ്മദ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രതിസന്ധിയും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും തമ്മില്‍ എന്തെങ്കിലും സാമ്യമുള്ളതായി കരുതുന്നില്ലെന്ന് ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ കൂടിയായ ശൈഖ് അഹമ്മദ് പറഞ്ഞു. പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തകര്‍ച്ച അന്നത്തെ മാന്ദ്യത്തിന്റെ ആക്കം കൂട്ടുകയും ദുബൈ ഹോള്‍ഡിംഗ്, നഖീല്‍ തുടങ്ങിയവ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കമ്പനികള്‍ തമ്മിലുള്ള ലയനങ്ങള്‍ക്കും ഏകീകരണത്തിനും പകര്‍ച്ചവ്യാധി വഴിവെക്കുമെന്ന മുന്‍വിധികളെയും ശെശഖ് അഹ്മദ് തള്ളി. ”ബേക്കറിയുടമയെയും കശാപ്പുകാരനെയും കര്‍ഷകനെയും പൈലറ്റിനെയുമടക്കം എല്ലാവരെയും പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നു. നിങ്ങള്‍ കാരണമല്ലെങ്കിലും അത് നിങ്ങളുടെ പ്രശ്‌നമായി മാറിയിരിക്കുന്നു. 2008ലെ അവസ്ഥയില്‍ നിന്നും തീര്‍ത്തും വിഭിന്നമാണിത്. എല്ലാവരുടെ ജീവിതത്തെയും അത് ബാധിച്ചിരിക്കുന്നു” -അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിന്റെ ആഘാതം കാരണം വിമാന കമ്പനികള്‍ക്ക് ഈ വര്‍ഷം 314 ബില്യന്‍ ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയുടെ വിലയിരുത്തല്‍. 2019ലെ വരുമാനത്തെ അപേക്ഷിച്ച് 55 ശതമാനം കുറവാണിത്. പ്രതിസന്ധി നേരിടാന്‍ വിമാന കമ്പനികള്‍ക്ക് 200 ബില്യന്‍ ഡോളറിന്റെ സര്‍ക്കാര്‍ സഹായം സ്വീകരിക്കേണ്ടി വരുമെന്നും സംഘടന പറയുന്നു. വിമാന കമ്പനികളെ സാമ്പത്തികമായി സഹായിക്കാന്‍ അമാന്തിക്കരുതെന്നും 25 മില്യന്‍ ആളുകള്‍ തൊഴില്‍ നഷ്ടത്തിന് അരികിലാണെന്നും അയാട്ട മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യോമയാന വ്യവസായത്തിന്റെ ആരോഗ്യവും തിരിച്ചുവരവിന്റെ വേഗവും നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ സിഇഒയുമായ ശൈഖ് അഹ്മദ് നിരീക്ഷിച്ചു. രാജ്യങ്ങള്‍ തുറന്നെങ്കില്‍ മാത്രമേ വ്യോമയാന മേഖലക്ക് അതിജീവനമുള്ളു. പലയിടങ്ങളിലേക്ക് പോകാന്‍ ആഗ്രഹിച്ചാലും നമുക്കവിടെ പ്രവേശനമുണ്ടോ, അവിടെയുള്ളവര്‍ക്ക് ഇവിടെ പ്രവേശനമുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചേ വിമാന കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. കാര്യങ്ങളെല്ലാം നേരെയാകുമെന്ന പ്രത്യാശയില്‍ തന്നെയാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു.