ദുബൈയില്‍ ഇ-കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍കിംഗ് സൗജന്യം

    ദുബൈ: ദുബൈ രജിസ്‌ട്രേഷനുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ദുബൈയിലെ പൊതുപാര്‍ക്കിംഗ് ഇടങ്ങളില്‍ സൗജന്യമായിരിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈയുടെ ഗ്രീന്‍ മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെയും പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനങ്ങളുടെയും ഉപയോഗം പ്രോത്സാപ്പിക്കുന്നു. എമിറേറ്റിന്റെ ഈ തന്ത്രം പ്രായോഗികമാക്കുന്നതിനാണ് ആര്‍ടിഎ ഈ നയം സ്വീകരിച്ചിരിക്കുന്നത്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി കാര്‍ബണ്‍ വികിരണം ഇല്ലാതാക്കുന്നു, മാത്രമല്ല നിരവധി പരിസ്ഥിതി സൗഹാര്‍ദ്ദമായ സൗകര്യങ്ങളും ഇത്തരം വാഹനങ്ങള്‍ സമ്മാനിക്കുന്നതായി ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്‌സ് ഏജന്‍സി സിഇഒ; എഞ്ചിനീയര്‍ മൈത്ത ബിന്‍ അദായ് പറഞ്ഞു. എമിറേറ്റിന്റെ ഈ പരിശ്രമത്തിന് ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1803 ഇലക്ട്രിക് വാഹനങ്ങള്‍ പിന്തുണ നല്‍കും. മറ്റു എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത ഇ-വാഹനങ്ങളെ ഓട്ടോമാറ്റികായി കണ്ടെത്താന്‍ കഴിയും. വാഹനങ്ങള്‍ ഇലക്ട്രിക് ആണോ എന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കും. സ്‌പെഷ്യല്‍ കാറ്റഗറിക്കാര്‍ക്ക് നീക്കിവെച്ചിട്ടുള്ള പാര്‍കിംഗ് സ്‌ളോട്ടുകളില്‍ ഇ-വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. ഈ സൗജന്യത്തിനായി ഇ-വാഹനങ്ങളുടെ ഉടമകള്‍ ആര്‍ടിഎ ഓഫീസുകളെ സമീപിക്കേണ്ടതില്ല. ഇത്തരം വാഹനങ്ങളെ ആര്‍ടിഎ ഓട്ടോമാറ്റിക്കായി ആനുകൂല്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമേഴ്‌സ്യല്‍ അല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ദീവയും ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ദീവയുടെ എല്ലാ പൊതുചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ സൗജന്യമായി ചാര്‍ജ് ചെയ്യാവുന്നതാണ്.