എമിഗ്രേഷനിലെ കാല്‍ നൂറ്റാണ്ട്; ഷാനവാസ് നാട്ടിലേക്ക് മടങ്ങുന്നു

  5
  മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയില്‍ നിന്ന് ഷാനവാസ് അംഗീകാര പത്രം ഏറ്റുവാങ്ങുന്നു

  ദുബൈ: ഇമാറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്‌നേഹ വായ്പും വിശ്വാസവും പിടിച്ചു പറ്റിയ മലയാളി ജീവനക്കാരന് സമുചിത യാത്രയയപ്പ്. ദുബൈ താമസ-കുടിയേറ്റ വകുപ്പില്‍ നിന്ന് 25 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പള്ളിമുക്ക് സ്വദേശി ബദ്‌രിയ മന്‍സില്‍ ഷാനവാസിനാണ് ഉന്നത മേധാവികളുടെ സാന്നിധ്യത്തില്‍ യാത്രയയപ്പ് ലഭിച്ചത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയുടെ ഓഫീസിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. രണ്ടര പതിറ്റാണ്ടിന്റെ ആത്മാര്‍ത്ഥ സേവന മികവ് മാനിച്ച് ഇദ്ദേഹത്തെ അംഗീകാര പത്രം നല്‍കി ആദരിക്കുകയുണ്ടായി. മേജര്‍ ജനറല്‍ അല്‍മര്‍റിയില്‍ നിന്നാണ് ഷാനവാസ് അംഗീകാരം ഏറ്റുവാങ്ങിയത്.
  1995 ജൂണ്‍ 5ന് ഭാര്യാസഹോദരന്‍ നജീബ് മുഖേനെയാണ് ജിഡിആര്‍എഫ്എയില്‍ ജോലി ലഭിച്ചത്. ആദ്യ ഒരു വര്‍ഷം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റിലായിരുന്നു സേവനം. തുടര്‍ന്ന് 24 വര്‍ഷം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഓഫീസില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ആത്മാര്‍ത്ഥതയും സത്യസന്ധതയും ജോലിയിലുടനീളം പുലര്‍ത്തിയ ഷാനവാസ് വകുപ്പിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ജവാസാത്ത് മുഖ്യ മേധാവിയായിരുന്ന ബ്രിഗേഡിയര്‍
  സഈദ് ബിന്‍ ബിലൈലയുടെ ഓഫീസില്‍ 11 വര്‍ഷവും ഇപ്പോഴത്തെ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയുടെ ഓഫീസില്‍ 13 വര്‍ഷവുമാണ് ഈ മലയാളി സേവനമനുഷ്ഠിച്ചത്. ഇക്കാലയളവില്‍ ഓഫീസിലെത്തുന്ന ഒട്ടനവധി നയതന്ത്ര പ്രതിനിധികളെ ഇമാറാത്തി ആതിഥ്യ മര്യാദകള്‍ കൊണ്ട് സ്വീകരിക്കാനും അവര്‍ക്ക് വിരുന്ന്ഒരുക്കാനും ഷാനവാസിന് അവസരം ലഭിച്ചു.
  വകുപ്പിലെ 25 വര്‍ഷത്തെ അധ്വാനം കൊണ്ട് തന്റെ മാതാപിതാക്കള്‍ അടങ്ങുന്ന കുടുംബത്തെ അല്ലല്ലിതെ പോറ്റാന്‍ സാധിച്ചുവെന്ന് ഷാനവാസ് പറയുന്നു. ജഡിആര്‍എഫ്എ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ ഈസാ കാമാലി, സെക്രട്ടറി ഇസ്മായില്‍ ഖമീസ് തുടങ്ങിയവരുടെ കൈത്താങ്ങ് ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇപ്പോഴത്തെ മേധാവി മേജര്‍ ജനറല്‍ അല്‍മര്‍റിക്ക് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് ഏറെ താല്‍പര്യവും ഇഷ്ടവുമാണെന്ന് ഷാനവാസ് സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഏറെ സ്‌നേഹത്തോടെയാണ് തന്നെ നോക്കിക്കണ്ടത്. മേജര്‍ ജനറല്‍ അല്‍മര്‍റിയോട് തനിക്ക് ഏറെ കടപ്പാടും നന്ദിയുമുണ്ടെന്നും ഷാനവാസ് പറഞ്ഞു.
  കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും, തന്റെ സേവനത്തില്‍ ഒരു കളങ്കവുമേല്‍പ്പിക്കാതെ സത്യസന്ധതയോടെ ജോലിയില്‍ നിന്ന് പടിയിറങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ജോലി അവസാനിപ്പിക്കുന്നത്. ശിഷ്ടകാലം കുടുംബത്തിനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ മധുരമായ പല ഓര്‍മകളും പങ്കു വെക്കാനുണ്ടങ്കിലും
  മൂത്ത മകന്‍ സല്‍മാന്റെ ആകസ്മിക മരണം ഇദ്ദേഹത്തെ ഇന്നും സങ്കടപ്പെടുത്തുന്നുണ്ട്. ജുനൈദയാണ് ഭാര്യ: സല്‍മിയ, ഹംദാന്‍, ഇര്‍ഫാന്‍ എന്നിവരാണ് മറ്റു മക്കള്‍. ഷാനവാസ് വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കും.