സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം- നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

    യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍

    ദുബൈ: സ്വകാര്യ മേഖളയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം നിശ്ചയിച്ചുള്ള യുഎഇ സര്‍ക്കാര്‍ ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
    2020 ലെ ഫെഡറല്‍ നിയമ നമ്പര്‍ 06 ന്റെ ഉത്തരവാണ് സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ ബന്ധങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 1980 ലെ ഫെഡറല്‍ നിയമം നമ്പര്‍ 08 ലെ ആര്‍ട്ടിക്കിള്‍ 32 ലെ വ്യവസ്ഥകള്‍ മാറ്റിയാണ് പുതിയ ഉത്തരവ് നടപ്പാക്കുന്നത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 01 അനുശാസിക്കുന്നു. സ്ത്രീ ജോലിക്കാര്‍ക്ക് ഒരേ ജോലി, അല്ലെങ്കില്‍ തുല്യ മൂല്യമുള്ള മറ്റൊരു ജോലി ചെയ്താല്‍ പുരുഷന്മാര്‍ക്ക് തുല്യമായ വേതനം ലഭിക്കുമെന്നതാണ് ഭേദഗതി. തുല്യ മൂല്യമുള്ള ജോലി വിലയിരുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കും. പുതിയ നിയമം രാജ്യത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു. ഫെഡറല്‍ നിയമ നമ്പര്‍ 08 അനുസരിച്ച് സ്വകാര്യമേഖലയിലെ വേതനവും ശമ്പളവും കണക്കിലെടുത്ത് ലിംഗസമത്വം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തെ സാധ്യമാക്കുകയാണ്. 2020 ആഗസ്റ്റ് 25 ന് പുറപ്പെടുവിച്ച ഫെഡറല്‍ ലോ നമ്പര്‍ 06 ന്റെ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് വേതനത്തിന്റെ കാര്യത്തില്‍ ലിംഗസമത്വം കൈവരിക്കാനുള്ള ശ്രമങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ നില ശക്തിപ്പെടുത്തുന്നതിന് പുതിയ ഭേദഗതികള്‍ സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 2020ലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് അനുസരിച്ച് ലിംഗ വേതന വ്യത്യാസം പരിഹരിക്കുന്നതില്‍ യുഎഇ മേഖലയിലെ രാജ്യങ്ങളെ നയിക്കും. സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് മികച്ച ഗുണം ചെയ്യും. ലിംഗപരമായ വേര്‍തിരിവ് ഇനി സ്വകാര്യ സ്ഥാപനങ്ങളില്‍ സാധ്യമല്ല.

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വനിതാ ജീവനക്കാരുമായി ഒരു പൊതുപരിപാടിയില്‍ സംവദിക്കുന്നു