റാക്കില്‍ ആലിപ്പഴ വര്‍ഷം ഷാര്‍ജയിലും ഫുജൈറയിലും മഴ

    ദുബൈ: യുഎഇയുടെ പലയിടത്തും ഇന്നലെ ശക്തമായ മഴ പെയ്തു. റാസല്‍ഖൈമയില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ. ഷാര്‍ജയുടെയും ഫുജൈറയുടെയും പല ഭാഗത്തും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ പ്രാന്തപ്രദേശങ്ങളിലുണ്ടായ ആലിപ്പഴ വര്‍ഷത്തിന്റെ വീഡിയോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. മഴക്കാറും മൂടല്‍മഞ്ഞും ശക്തമായതിനാല്‍ ഇത്തരം സമയങ്ങളില്‍ ട്രക്കുകളും വലിയ വാഹനങ്ങളും റോഡിലിറക്കുന്നത് യുഎഇയില്‍ നിയന്ത്രിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ്ബസ്സുകളും ട്രക്കുകളും നിരത്തിലിറക്കിയാല്‍ പൊലീസ് 500 ദിര്‍ഹം പിഴയും 4 ബ്ലാക്കി പോയിന്റും ചുമത്തും.