ലേബര്‍ അക്കോമഡേഷനില്‍ വന്‍ അഗ്‌നിബാധ; 44 തൊഴിലാളികളെ രക്ഷപ്പെടുത്തി, ആളപായമില്ല

റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ടീം തീയണക്കുന്നു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വന്‍ അഗ്‌നിബാധ. 44 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം രാത്രി 9ന് ശേഷം മാരിസ് ഏരിയയിലെ തുറമുഖത്തിനും ജല-വൈദ്യുത നിലയത്തിനുമടുത്താണ് സംഭവമെന്ന് റാക് സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സആബി പറഞ്ഞു. ലെഫ്.കേണല്‍ സാലം അല്‍ ഷാഇറിന്റെ നേതൃത്വത്തില്‍ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി.
തൊഴിലാളികളെ പുറത്തിറക്കിയ ശേഷം തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിയന്ത്രിച്ചു. സ്വകാര്യ കമ്പനിയുടെ താത്കാലിക കാരവനുകളാണ് കത്തി നശിച്ചത്. തൊഴിലാളികളുടെ വില പിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം മിക്കതും ചാമ്പലായി. അഗ്‌നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.