ദുബൈ സൗത്തില്‍ 10 ലക്ഷം ചതുരശ്ര മീറ്ററില്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റ് വരുന്നു

ദുബൈ: ദുബൈ സൗത്തില്‍ 10 ലക്ഷം ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നു. ഒറ്റ കേന്ദ്രത്തില്‍ വര്‍ഷമുടനീളമുള്ള വ്യാപാരം നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ മാര്‍ക്കറ്റ്. ദുബൈ സൗത്തിന്റെയും ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബൈ(ഐസിഡി)യുടെയും സംരംഭമാണിത്.
എക്‌സ്‌പോ 2020 സൈറ്റിനു ചുറ്റും ‘നഗരത്തിനകത്തൊരു നഗരം’ സൃഷ്ടിക്കാനായാണ് ദുബൈ ഗ്‌ളോബല്‍ കണക്ട് (ഡിജിസി) ക്‌ളസ്റ്ററില്‍ ഭക്ഷണം, ഫാഷന്‍, ഫര്‍ണിച്ചര്‍, താമസയിടം എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹോള്‍ സെയില്‍ മാര്‍ക്കറ്റ്. യോഗ്യരായ ബയര്‍മാര്‍, ഡിസൈനര്‍മാര്‍, ഉല്‍പാദകര്‍ (മാനുഫാക്ചറേഴ്‌സ്), വ്യാവസായിക പ്രൊഫഷനലുകള്‍ എന്നിവര്‍ക്ക് വര്‍ഷമുടനീളം സ്ഥിരം ഷോറൂം സാഹചര്യം സൃഷ്ടിക്കാന്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റ് ഉതകും. ഇതിന്റെ വികസനത്തിനും നടത്തിപ്പിനുമായി അമേരിക്ക ആസ്ഥാനമായ സെന്റര്‍ മാനേജ്‌മെന്റ് കമ്പനി(എംസിഎംസി)യുമായി ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഷോറൂമുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
വിവിധ ഘട്ടങ്ങളായാണ് മാര്‍ക്കറ്റ് നിര്‍മിക്കുക. ഓണ്‍സൈറ്റ് സ്‌റ്റോറേജ്, ബൂട്ടീക് ഓഫീസുകള്‍, ഇന്നൊവേഷന്‍ ഹബ്, തേര്‍ഡ് പാര്‍ട്ടി ദാതാക്കള്‍ക്കായി സ്മാര്‍ട് സര്‍വീസ് സെന്റര്‍ എന്നിവയടങ്ങുന്ന പ്രത്യേക വ്യാപാര സൗകര്യങ്ങള്‍ക്കായുള്ള 400,000 ചതുരശ്ര മീറ്റര്‍ സൗകര്യമാണ് മാര്‍ക്കറ്റില്‍ ഒന്നാം ഘട്ടത്തിലുണ്ടാവുക.