ആര്‍ടിഎ പങ്കാളിത്തത്തോടെ ആദ്യത്തെ ഹൈപര്‍ലൂപ് സംവിധാനം ബംഗളുരുവില്‍

    ചിത്രം കടപ്പാട്-ടിഎന്‍

    ദുബൈ: ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പങ്കാളിത്തമുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് അതിവേഗ യാത്രാസംവിധാനം ആദ്യം പ്രാബല്യത്തില്‍ വരുന്നത് ഇന്ത്യയിലെ ബംഗളുരുവില്‍. കര്‍ണാടകയിലുള്ള കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബംഗളുരു സിറ്റിയിലേക്കാണ് ആദ്യത്തെ ഹൈപര്‍ലൂപ് വരുന്നത്. കരമാര്‍ഗത്തിലുള്ള അതിവേഗ യാത്രാസംവിധാനമാണ് ഹൈപര്‍ലൂപ്. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കും കാര്‍ഗോ അയക്കുന്നതിനും വേഗമേറിയ മാര്‍ഗമാണിത്. ഹൈസ്പീഡ് ട്രെയിനിനേക്കാളും മൂന്നിരട്ടി വേഗതയുള്ള ഹൈപര്‍ലൂപ് മണിക്കൂറില്‍ 1000 കിലോമീറ്റര്‍ യാത്രചെയ്യും. ബംഗളുരുവില്‍ സ്ഥാപിക്കുന്ന ഹൈപര്‍ലൂപ് സംവിധാനത്തിന് വിര്‍ജിന്‍ ഹൈപര്‍ലൂപ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സുലൈമാനും ബംഗളുരു എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ടി.എം വിജയ് ഭാസ്‌കറും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ബംഗളുരു നഗരത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ യാത്രക്കാരെയും കാര്‍ഗോയും എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ കഴിയും. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ 12 മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ബംഗളുരു സിറ്റിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധാരണ നിലയില്‍ 45 മിനിറ്റ് വേണം. ഹൈപര്‍ലൂപ് സംവിധാനത്തിലൂടെയാണെങ്കില്‍ വെറും പത്ത് മിനിറ്റിനകം എത്താനാവും. മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്ന സ്വപ്‌ന തുല്യമായ യാത്രാസംവിധാനമാണ് ഹൈപര്‍ലൂപ്. അമേരിക്കന്‍ ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് കമ്പനി ദുബൈ ആര്‍ടിഎ യുടെ പങ്കാളിത്തത്തോടെ അബുദാബി ദുബൈ റൂട്ടില്‍ ഈ യാത്രാസംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. അബുദാബിയില്‍ നിന്നും ദുബൈയിലേക്ക് റോഡ് മാര്‍ഗം ഒരു മണിക്കൂറാണ് യാത്രാ ദൂരം. ഹൈപര്‍ലൂപ്പില്‍ 12 മിനിറ്റ് മതിയാവും. ഹൈപര്‍ലൂപ് സംവിധാനത്തെക്കുറിച്ച് അടുത്തിടെ സഊദി അറേബ്യയും സാധ്യതാ പഠനം നടത്തിയിരുന്നു. റിയാദില്‍ നിന്നും ജിദ്ദയിലേക്ക് ഈ സംവിധാനത്തിലൂടെ 46 മിനിറ്റില്‍ എത്താനാവും. ഇത് സുരക്ഷിതമായ യാത്രാസംവിധാനമാണെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ യുഎസ് പ്രതിനിധി സഭ പ്രഖ്യാപിച്ചിരുന്നു. വിര്‍ജിന്‍ ഹൈപര്‍ലൂപ് കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ദുബൈ ഡിപി വേള്‍ഡ് ആണ്.