അല്‍ഐനില്‍ പുതിയ സെന്‍ട്രല്‍ മോര്‍ച്ചറി തുറന്നു; ഹൈടെക് സംവിധാനം

    ദുബൈ: അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി-സേഹയുടെ ആഭിമുഖ്യത്തില്‍ അല്‍ഐനില്‍ സെന്‍ട്രല്‍ മോര്‍ച്ചറി തുറന്നു. പുതിയ സംവിധാനത്തില്‍ വളരെ എളുപ്പത്തില്‍ മരണാനന്തര കാര്യങ്ങള്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ത്രീഡി വര്‍ച്വല്‍ റേഡിയോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭിക്കുമെന്ന് സേഹ ഗ്രൂപ്പ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഡോ.മര്‍വാന്‍ അല്‍കാബി വ്യക്തമാക്കി. മോര്‍ൃച്ചറിയിലെത്തുന്ന മൃതദേഹങ്ങള്‍ സിടി സ്‌കാനിലൂടെ ത്രീഡി മാതൃകയില്‍ കാണാനുള്ള സംവിധാനമുള്ളതിനാല്‍ കൈകകള്‍ കൊണ്ട് തൊടാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാനാവും. ഇതുവഴി മൃതദേഹത്തിന്റെ രക്തക്കുഴലുകള്‍, ശരീരത്തിലെ ഓരോ അവയവങ്ങളും എല്ലുകളും കോശങ്ങളും വരെ ഈ സംവിധാനത്തിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കാനാവും. മൃതദേഹം ആസ്പത്രിയില്‍ നിന്നും ഇവിടെയെത്തിച്ചാല്‍ എല്ലാ നടപടിക്രമങ്ങളും അരമണിക്കൂറിനകം പൂര്‍ത്തിയാക്കാനാവും. നാട്ടിലേക്കയക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങളും മോര്‍ച്ചറി നടപടികള്‍ എളുപ്പത്തിലാക്കാനാവും. മരണ സര്‍ട്ടിഫിക്കേറ്റ് അടക്കമുള്ള പേപ്പര്‍ ജോലികള്‍ 15 മിനിറ്റിനകം പൂര്‍ത്തിയാക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് സേഹ വ്യക്തമാക്കി. സെന്‍ട്രല്‍ മോര്‍ച്ചറികള്‍ അബുദാബി ആരോഗ്യവകുപ്പ്, പൊലീസ്, ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ജീവിക്കുന്ന 200 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മതക്കാരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സെന്‍ട്രല്‍ മോര്‍ച്ചറി 24 മണിക്കൂറും എല്ലാ ഒഴിവുദിനങ്ങളില്‍ പോലും പ്രവര്‍ത്തിക്കും. മൃതദേഹങ്ങള്‍ അടക്കം ചെയ്യാനും കത്തിക്കാനും സ്വന്തം നാട്ടിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങള്‍ ചെയ്തുകൊടുക്കും. ഇത്തരത്തില്‍ സമ്പൂര്‍ണ സംവിധാനമുള്ള മോര്‍ച്ചറിയാണ് അല്‍ഐനില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.