പകര്‍ച്ചപനിക്കെതിരെയുള്ള വാക്‌സിന്‍ ഒക്ടോബര്‍ 1 മുതല്‍ ലഭ്യമാകും

    ദുബൈ: പകര്‍ച്ചപനിക്കെതിരെയുള്ള വാക്‌സിനേഷന്‍ ഒക്ടോബര്‍ 1 മുതല്‍ ദുബൈയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ അവസാനത്തോടെ കാലാവസ്ഥാ മാറ്റവും തുടര്‍ന്നുണ്ടാവുന്ന പകര്‍ച്ചപനി വ്യാപനവും തടയുന്നതിന് പ്രത്യേകിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കിയിരുന്നു.
    പ്രത്യേകിച്ചും കോവിഡ് മഹാമാരിക്കിടയില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. ദുബൈയിലെ വിവിധ സ്ഥലങ്ങളില്‍ വാക്‌സിന് വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്നുണ്ട്. സീസണല്‍ ഇന്‍ഫ്‌ലുവന്‍സ ഒരു വൈറല്‍ രോഗമാണ്. ഇത് എല്ലാ വര്‍ഷത്തിലും സാധാരണമാണ്. ചുമ, ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പകര്‍ച്ചപനിക്ക് സാധാരണ അനുഭവപ്പെടാറ്. കോവിഡിന് സമാനമാണ് രോഗലക്ഷണങ്ങള്‍. ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ കോവിഡില്‍ നിന്ന് സംരക്ഷിക്കില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, മരണസാധ്യത എന്നിവ കുറക്കും. കൂടാതെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകളിലും ആശുപത്രികളിലും അസുഖത്തിന്റെ ഭാരം കുറക്കുകയും ചെയ്യും.
    സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും ആശുപത്രികളിലും വാക്‌സിന്‍ ചെലവ് 40-120 ദിര്‍ഹം വരെ വ്യത്യാസമുണ്ട്. ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകളുടെ യഥാര്‍ത്ഥ വില 21.60 ദിര്‍ഹമാണ്. ആസ്പത്രികളുടെ നിലവാരത്തിനനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ഒക്ടോബര്‍ 1 മുതല്‍ ദുബൈയിലെ എല്ലാ ഡിഎച്ച്എ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാകുമെന്ന് പറഞ്ഞു. 64.50 ദിര്‍ഹം വിലയുള്ള വാക്‌സിന്‍ ഏത് താമസക്കാരനും ലഭ്യമാണ്. ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനുവേണ്ടി ബുക്ക് ചെയ്യാം.
    ദുബൈയില്‍ പ്രധാനമായും ബ്ലൂ കോളര്‍ തൊഴിലാളികളെ സഹായിക്കുന്ന ആരോഗ്യ പരിരക്ഷാ ഗ്രൂപ്പായ റൈറ്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍, ബുര്‍ജുമാന്‍ സെന്റര്‍, അല്‍ കറാമ, അല്‍ ഖൈല്‍ ഗേറ്റ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ 45 ദിര്‍ഹത്തിന് ലഭ്യമാണ്. എല്ലാ പ്രൈം ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുകളിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിനേഷന്‍ 60 ദിര്‍ഹത്തിന് ലഭ്യമാണ്. പ്രൈം ഹോസ്പിറ്റലില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ 112 ദിര്‍ഹമാണ്. ആസ്റ്റര്‍ ക്ലിനിക്കുകളില്‍ മുതിര്‍ന്നവര്‍ക്ക് 59 ദിര്‍ഹത്തിനും കുട്ടികള്‍ക്ക് 79 ദിര്‍ഹത്തിനും ലഭ്യമാണ്. ആസ്റ്റര്‍ ഹോസ്പിറ്റലില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 99 ദിര്‍ഹമാണ് വില. വിലയില്‍ വാക്‌സിന്‍ ചെലവ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ട് ക്ലിനിക്കുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷകളൊന്നും ബാധകമല്ല. ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ വെബ്സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. മെഡ്കെയര്‍ ഹോസ്പിറ്റലുകളിലും മെഡ്കെയര്‍ മെഡിക്കല്‍ സെന്ററുകളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ വില 49 ദിര്‍ഹമാണ്. മുതിര്‍ന്നവര്‍ക്ക് ഇത് 79 ദിര്‍ഹമാണ്. ബുര്‍ജുമാനിലെ യൂണികെയര്‍ മെഡിക്കല്‍ സെന്ററില്‍ കുത്തിവയ്പ്പിനുള്ള ചെലവ് 125 ദിര്‍ഹം ആണ്. അതില്‍ കുട്ടികള്‍ക്കുള്ള കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്നവര്‍ക്ക്, കണ്‍സള്‍ട്ടേഷന്‍ ആവശ്യമില്ല. ദുബൈയിലെയും ഷാര്‍ജയിലെയും അവിവോ ഹെല്‍ത്ത് ഗ്രൂപ്പ് ക്ലിനിക്കുകളില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കോംപ്ലിമെന്ററി കണ്‍സള്‍ട്ടേഷനുമായി വാക്‌സിനേഷന്റെ ചാര്‍ജ് 49 ദിര്‍ഹമാണ്. ഗാര്‍ഹിക സേവനത്തിന്, ചാര്‍ജ് ദുബൈയിലും ഷാര്‍ജയിലും 149 ദിര്‍ഹമാണ്.