ഐപിഎല്‍ 2020: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു

9
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചപ്പോള്‍

ജലീല്‍ പട്ടാമ്പി
ഷാര്‍ജ: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിന്റെ പുതിയ രൂപവും ഭാവവും പ്രശംസമീയമെന്ന് പറഞ്ഞ ഗാംഗുലി, ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് സജ്ജമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍കര്‍ തുടങ്ങിയ മഹാരഥന്മാര്‍ ചരിത്രമെഴുതിയ ഈ ക്രിക്കറ്റ് മൈതാനത്ത് കളിക്കാന്‍ ഐപിഎലിന്റെ യുവ കളിക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
പുതിയ കനോപ്പികള്‍, നവീകരിച്ച റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വിഐപി ഹോസ്പിറ്റാലിറ്റി ബോക്‌സുകള്‍ എന്നിവ നവീകരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട പ്രൊട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. എല്ലാം കൊണ്ടും പുത്തന്‍ ലുക്കിലാണ് സ്‌റ്റേഡിയം.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം വൈസ് ചെയര്‍മാന്‍ വലീദ് ബുഖാതിര്‍, ബുഖാതിര്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സിഇഒയുമായ ഖലീഫ് ബുഖാതിര്‍ എന്നിവര്‍ ഗാംഗുലിയെയും സംഘത്തെയും ഹൃദ്യമായി സ്വീകരിച്ചു.
ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള, ഐപിഎല്‍ സിഒയു ഹേമംഗ് അമിന്‍ എന്നിവര്‍ ഗംഗുലിയോടൊപ്പമുണ്ടായിരുന്നു. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍, ബിസിസിഐ ജോ.സെക്രട്ടറി ജയേഷ് ജോര്‍ജ്, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ജനറല്‍ മാനേജര്‍ മുബഷ്ഷിര്‍ ഉസ്മാനി എന്നിവരും അനുഗമിച്ചു.
ലോക പ്രസിദ്ധമായ നിരവധി കളികള്‍ അരങ്ങേറിയ ഈ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിരവധി അനശ്വര സ്മൃതികള്‍ അതിഥികള്‍ പങ്കു വെച്ചു.
ഒക്‌ടോബര്‍ 12ന് തിങ്കളാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും; ഒക്‌ടോബര്‍ 23ന് വെള്ളിയാഴ്ച ചെന്നൈ സൂപര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ളവയടക്കം ചില ക്‌ളാസിക് പോരാട്ടങ്ങള്‍ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.