റാഷിദ് എടത്തോട്
അബുദാബി: അബുദാബി എയര്‍പോര്‍ട്ട് വിഐപി ലോഞ്ചിലെ ഫ്‌ളൈറ്റ് ഓപറേറ്റര്‍ ജലാല്‍ മുഹമ്മദിന്റെ അര നൂറ്റാണ്ടോളം പിന്നിട്ട ഗള്‍ഫ് ജീവിതത്തിന് നാളെ വിരാമം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അബുദാബി വിഐപി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന രാഷ്ട്ര നേതാക്കളെയും വ്യവസായ പ്രമുഖരെയും സിനിമാ താരങ്ങളെയും മുന്നില്‍ നിന്നും സ്വീകരിച്ചാനയിച്ചിരുന്ന പൊന്നാനി സ്വദേശി ജലാല്‍ മുഹമ്മദ് ഇനി തന്റെ ആതിഥേയ മനസ് നാടിനു വേണ്ടി സമര്‍പ്പിക്കും.
1973ലാണ് അദ്ദേഹം ആദ്യമായി ജോലി തേടി ദുബൈയില്‍ എത്തിയത്. കേരള രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ എം.ഐ ഷാനവാസ്, പി.വി അബ്ദുല്‍ വഹാബ് എംപി തുടങ്ങിയ ഒട്ടനവധി നേതാക്കള്‍ പഠന കാലത്ത് ജലാലിന്റെ സഹപാഠികളായിരുന്നു.
ബിഎഡ് പഠന ശേഷം ദുബൈയിലെത്തിയ ജലാല്‍ അധ്യാപക ജോലിക്ക് പകരം തെരഞ്ഞെടുത്തത് പക്ഷേ ദുബൈ എയര്‍പോര്‍ട്ടിലെ ട്രാഫിക് അസിസ്റ്റന്റ് ജോലിയായിരുന്നു. പ്രസ്തുത ജോലിയിലെ മികവ് ജലാലിനെ അബുദാബിയില്‍ പുതുതായി തുടങ്ങിയ എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഓഫീസര്‍ തസ്തികയില്‍ എത്തിച്ചു. നീണ്ട 10 വര്‍ഷത്തെ അബുദാബി എയര്‍പോര്‍ട്ട് സേവനത്തിന് ശേഷം ഇത്തിഹാദില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും ഉയര്‍ന്ന തസ്തികയില്‍ അവിടെ 10 വര്‍ഷം തുടരുകയും ചെയ്തു.
അബുദാബി പട്ടണത്തിലെ പഴയ എയര്‍പോര്‍ട്ടില്‍ വിഐപി ഓപറേഷന്‍ തുടങ്ങിയപ്പോള്‍ ജലാല്‍ ഫ്‌ളൈറ്റ് ഓപറേഷന്‍ ചുമതലയിലേക്ക് മാറുകയായിരുന്നു. പിന്നീട് വിരമിക്കാനുള്ള സമയമാകുന്നതിന് മുന്‍പ് സ്വയം വിരമിക്കാന്‍ തയാറെടുത്തപ്പോള്‍ അധികൃതര്‍ വിസമ്മതിച്ചു. ജലാല്‍ അറിയാതെ തന്നെ വിസാ കാലാവധി കഴിയുമ്പോള്‍ അവര്‍ പുതുക്കിക്കൊണ്ടേയിരുന്നു. സത്യസന്ധതയും കഠിന പ്രയത്‌നവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും കൊണ്ടാവാം തന്റെ ഔദ്യോഗിക ജീവിതം നീണ്ടു പോകാന്‍ കാരണമായതെന്ന് ജലാല്‍ വിശ്വസിക്കുന്നു.
അബുദാബി ബത്തീനിലെ വിവിഐപി ടെര്‍മിനലില്‍ ഫ്‌ളൈറ്റ് ഓപറേഷന്‍ ഇന്‍ ചാര്‍ജ് ആയി വിരമിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത മേഖലകളിലെ എണ്ണിയാല്‍ തീരാത്ത നേതാക്കളെയും വ്യവസായ പ്രമുഖരെയുമൊക്കെ സ്വീകരിക്കാനും അവരെ യാത്രയയക്കാനുമുള്ള അവസരം കിട്ടിയത് ജലാല്‍ ഓര്‍ക്കുന്നു. സ്വന്തം വിമാനങ്ങളിലും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും വന്നിറങ്ങിയവരുടെ കൂട്ടത്തിലെ അതിപ്രശസ്തരായ ഒരുപാടു പേരുമായി അടുത്തിടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ ഏറെ ആകര്‍ഷിച്ച വ്യക്തിത്വങ്ങളില്‍ ചിലരാണ് മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്‌ളിന്റണും ബിഗ്ബി അമിതാഭ് ബച്ചനും.
പതിറ്റാണ്ടുകളായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അബുദാബി-പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആദ്യ കാല ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജലാല്‍ പുതുതലമുറയോടൊപ്പം ഇപ്പോഴും സജീവമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്.
ഫാറൂഖ് കോളജ് അലുംനി ചാപ്റ്ററിന്റെ ആദ്യ കാല ജന.സെക്രട്ടറി ആയിരുന്നു. യുഎഇയുടെ നാല്‍പതാം ദേശീയ ദിനത്തില്‍ കെഎംസിസി ജലാലിനെ ആദരിച്ചിരുന്നു.
വെന്നിയൂര്‍ സ്വദേശി സക്കീനയാണ് സഹധര്‍മിണി. സിമി ജലാല്‍, റമി ജലാല്‍ എന്നീ രണ്ട് പെണ്‍മക്കളും ഷാജി എന്ന ഏക മകനും ഉള്‍ക്കൊളളുന്നതാണ് ജലാലിന്റെ കുടുംബം. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഡോ. റിയാസാണ് മൂത്ത മകള്‍ സിമിയെ വിവാഹം കഴിച്ചിരിക്കുന്നത്. സഊദിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ലിബിനാണ് രണ്ടാമത്തെ മകള്‍ റമിയെ വിവാഹം ചെയ്തത്. മകന്‍ ഷാജി ദുബൈ സാബീല്‍ പാലസില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. നാളെ രാത്രി ഒമ്പത് മണിക്ക് ദുബൈയില്‍ നിന്നാണ് ജലാല്‍ മുഹമ്മദ് നാട്ടിലേക്ക് മടങ്ങുന്നത്.