മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ഉമ്മര്‍ കുട്ടി നാടണയുന്നു

ഉമ്മര്‍കുട്ടി

ദുബൈ: നീണ്ട 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കെ.കെ ഉമ്മര്‍കുട്ടി അരിയില്‍ നാട്ടിലേക്ക് മടങ്ങുന്നു. 1985 ഫെബ്രുവരിയില്‍ ഖത്തറിലെത്തിയ ഉമ്മര്‍കുട്ടി ’88ല്‍ യുഎഇയിലേക്ക് മാറി. ആദ്യ ഒമ്പതു വര്‍ഷം ദുബൈയില്‍ എഡ്യൂട്ടിക് മിഡില്‍ ഈസ്റ്റ് എന്ന സ്ഥാപനത്തിയായിരുന്നു ജോലി. തുടര്‍ന്ന് 13 കൊല്ലമായി വര്‍ലി എഞ്ചിനീയറിംഗ് അബുദാബി എന്ന സ്ഥാപനത്തില്‍ പിആര്‍ഒ ആയി ജോലി ചെയ്തു വരവേയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
വളരെ സന്തുഷ്ടനായാണ് താന്‍ മടങ്ങുന്നതെന്ന് ഉമ്മര്‍ കുട്ടി പറഞ്ഞു. ശിഷ്ടകാലം നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹമാണ് ജോലി രാജി വെക്കാന്‍ കാരണം. മത-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയോടെ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന ഉമ്മര്‍ കുട്ടി, കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎഇ-അരിയില്‍ മുസ്‌ലിം ജമാഅത് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. യുഎഇയില്‍ എത്തിയത് മുതല്‍ തന്നെ കമ്മിറ്റി ഭാരവാഹിത്വത്തിലുണ്ടായിരുന്നു. കൂടാതെ, അബുദാബി-നടുവില്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്, ചപ്പാരപ്പടവ് ഇര്‍ഫാനിയ അറബിക് കോളജ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഇതിനു മുന്‍പ് അബുദാബി-ഇരിക്കൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെ നിരവധി മത-ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ ഉമ്മര്‍ കുട്ടി ഉണ്ടായിരുന്നു. നാട്ടിലെത്തിയാലും സജീവമായി തന്നെ മത-രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് ഉമ്മര്‍ കുട്ടി വ്യക്തമാക്കി. യുഎഇ-അരിയില്‍ ജമാഅത് കമ്മിറ്റിയുടെ നാട്ടിലെ കോഓര്‍ഡിനേറ്ററായി ഉമ്മര്‍ കുട്ടി നിലവില്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജമീലയാണ് ഭാര്യ. വിവാഹം കഴിഞ്ഞ ജെമീമ അടക്കം രണ്ടു പെണ്‍കുട്ടികളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. കെമിക്കല്‍ എഞ്ചിനീയറായ മകന്‍ ഉമൈര്‍ വര്‍ലി എഞ്ചിനീയറിംഗ് ഇന്ത്യ വിജയവാഡയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ നാജിയ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.