കുവൈത്ത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു- അഭിനന്ദനമറിയിച്ച് യുഎഇ ഭരണാധികാരികള്‍

    കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് നവാഫ് അല്‍സബാഹ് നാഷണല്‍ അസംബ്ലി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

    ദുബൈ: പുതിയ കുവൈത്ത് അമീറായി അധികാരമേറ്റ ശൈഖ് നവാഫ് അല്‍സബാഹിന് യുഎഇ ഭരണാധികാരികള്‍ അഭിനന്ദനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ് എല്ലാ അഭിവാദ്യങ്ങളും നേര്‍ന്നു. കുവൈത്ത് പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തയുടനാണ് ശൈഖ് ഖലീഫ അഭിനന്ദനങ്ങള്‍ ആശംസിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ശൈഖ് നവാഫിന് എല്ലാ വിജയാശംകളും അര്‍പിച്ചു. കുവൈത്തിന്റെ പ്രൗഡി, സ്ഥിരത, സുരക്ഷ, മികച്ചജീവിതം തുടങ്ങിയവ നിലനിര്‍ത്താന്‍ കഴിയട്ടെയെന്ന്് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കുവൈത്ത് സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും സകരണത്തിനും പ്രതീകമായ രാജ്യമാണ്. കുവൈത്തിന്റെ ഇനിയുള്ള കുതിപ്പില്‍ വിജയം കൈവരിക്കാന്‍ ശൈഖ് നവാഫിന് കഴിയട്ടെയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആശംസിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് പാര്‍ലിമെന്റ് മുമ്പാകെ പുതിയ അമീറായി സത്യപ്രതിജ്ഞ ചെയ്തു. അറബ് രാജ്യങ്ങളുടെ അഭിവൃദ്ധിക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പുതിയ അമീര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭരണഘടനയും രാഷ്ട്രീയ സംവിധാനവും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുമെന്നും ശൈഖ് നവാഫ് പ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്തിന്റെ പതിനാറാമത് അമീറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അമീറിന്റെ മരണത്തെ തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് കീരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ അമീറായി തെരഞ്ഞെടുത്തത്. ശൈഖ് നവാഫ് 2006 മുതല്‍ 14 വര്‍ഷമായി കിരീടാവകാശിയായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. അന്തരിച്ച അമീര്‍ ശൈബ് സബാഹ് ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ശൈഖ് നവാഫിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചിരുന്നു. ഉപപ്രധാനവകുപ്പ് മന്ത്രി, ആഭ്യന്തരം, പ്രതിരോധം,നാഷണല്‍ ഗാര്‍ഡ് ഉപമേധാവി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു.