റാസല്‍ഖൈമയില്‍ കോവിഡ് ലേസര്‍ പരിശോധനാ കേന്ദ്രം

    ദുബൈ: ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന കേന്ദ്രം റാസല്‍ഖൈമയില്‍ പബ്ലിക് സര്‍വീസസ് ഡിപ്പാര്‍്ട്ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഊദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ഇവിടെ മൂന്ന് മിനിറ്റിനുള്ളില്‍ പരീക്ഷണ ഫലങ്ങള്‍ ലഭിക്കും. റാസല്‍ഖൈമയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പരിശോധന കേന്ദ്രമാണിത്. അല്‍ ബൈത്ത് മിത്വാഹിദ് ഹാളിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 80 ലധികം ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ഇവിടെ സേവനം ചെയ്യുന്നു. അവര്‍ ആഴ്ചയിലുടനീളം രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നു. തമോഹ് ഹെല്‍ത്ത് കെയര്‍ കമ്പനി നടത്തുന്ന ഈ സൗകര്യത്തിന് പ്രതിദിനം 4,000 ആളുകളെ വരെ പരിശോധിക്കാനുള്ള ശേഷിയുണ്ട്. കേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ റാസ് അല്‍ ഖൈമ മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു. പൊതു സേവന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ ഹമ്മദി, പുരാവസ്തു മ്യൂസിയം വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഒബൈദ് അല്‍ തുനീജി, പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ റാഷിദ് സുവൈദാന്‍ അല്‍ ഖതിരി, ആംബിഷന്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ പ്രോജക്ട് ഡയറക്ടര്‍ അബ്ദുല്ല അല്‍ റാഷിദി പങ്കെടുത്തു.