ലുലു പിനോയ് ഫിയസ്റ്റക്ക് തുടക്കം

അബുദാബി: വാര്‍ഷിക ഫിലിപ്പിനോ ഭക്ഷ്യമേളയായ ‘പിനോയ് ഫിയസ്റ്റ: ടേസ്റ്റ് ഓഫ് ഫിലിപ്പീന്‍സ്’ ലുലുവില്‍ തുടങ്ങി. ഒരാഴ്ച നീളുന്ന മേളയില്‍ ഫിലിപ്പിനോ ഭക്ഷ്യോല്‍പന്നങ്ങളും അനുബന്ധ ഉല്‍പന്നങ്ങളുമാണുള്ളത്. യുഎഇയിലെ ഫിലിപ്പീന്‍സ് എംബസി ഡെപ്യൂട്ടി ഹെഡ് മാര്‍ഫോര്‍ഡ് ഏഞ്ചല്‍സ്, ദുബൈയിലെ ഫിലിപ്പീന്‍സ് കോണ്‍സുല്‍ ജനറല്‍ പോള്‍ റെയ്മണ്ട് കോര്‍ട്ടസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഫിലിപ്പീന്‍സ് ട്രേഡ് ആന്‍ഡ് പ്രമോഷന്‍സ് ഗ്രൂപ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഗനി.എം, ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ഗ്രൂപ് ഡയറക്ടര്‍ സലീം എം.എ, മറ്റ് ലുലു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം നടന്നത്.
യുഎഇയിലെ പ്രധാന ലുലു സ്റ്റോറുകളില്‍ വാര്‍ഷിക ഫിലിപ്പിനോ ഭക്ഷ്യമേളക്ക് ആതിഥേയത്വം വഹിച്ചതിന് ലുലു ഹൈപര്‍ മാര്‍ക്കറ്റിനോട് നന്ദി അറിയിക്കുന്നുവെന്ന് മാര്‍ഫോര്‍ഡ് ഏഞ്ചല്‍സ് പറഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍, ശുചിത്വ ഉല്‍പന്നങ്ങള്‍ എന്നിവയിലൂടെ പാചക-പൈതൃകം ഉള്‍ക്കൊള്ളുന്ന ഒരാഴ്ച നീളുന്ന ഈ പരിപാടി ഫിലിപ്പിനോകളെ മാത്രമല്ല, ഫിലിപ്പിനോ അല്ലാത്തവരെയും പ്രചോദിപ്പിക്കുന്നതാണെന്ന് മാര്‍ഫോര്‍ഡ് വ്യക്തമാക്കി.
ഫിലിപ്പിനോ സംസ്‌കാരത്തിനെും ഭക്ഷ്യ പാരമ്പര്യത്തിനുമുള്ള തങ്ങളുടെ എളിയ ബഹുമതിയാണ് പിനോയ് ഫിയസ്റ്റയെന്ന് ചടങ്ങില്‍ സംസാരിച്ച അഷ്‌റഫ് അലി എം.എ പറഞ്ഞു. ഈ വര്‍ഷം 500ലധികം പുതിയ ഉല്‍പന്നങ്ങള്‍ ഫിലിപ്പീന്‍സില്‍ നിന്നും ലുലു വാങ്ങുകയും 150 മില്യന്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന ഫിലിപ്പിനോ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിശ്വസ്ത ഉപഭോക്തൃ വിഭാഗത്തിലേക്ക് എത്തിക്കാന്‍ സോഴ്‌സിംഗ് ഓഫീസിന്റെ വലിയ സംഭാവന എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം വയക്തമാക്കി.
പഴങ്ങള്‍, ഫ്രഷ് മത്സ്യം, പരമ്പരാഗത മസാലകള്‍, സോസുകള്‍, പാചക- അവശ്യ വസ്തുക്കള്‍, നൂഡില്‍സ് ഇനങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, പാക്കേജ് ചെയ്ത ലഘുഭക്ഷണങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള നിരവധി ഉല്‍പന്നങ്ങളാണ് മേളയിലുളളത്.
തിരഞ്ഞെടുത്ത ഉല്‍പന്നങ്ങളുടെ പ്രമോഷന്‍ ലുലു സ്റ്റോറുകളിലുടനീളം ഒക്‌ടോബര്‍ 6 വരെ തുടരുന്നതാണ്.