കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ നാട്ടികയില്‍ ആരംഭിച്ചു

4

ദുബൈ/തൃശൂര്‍: 1,400 കിടക്കകളുള്ള കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സിഎഫ്എല്‍ടിസി) നാട്ടികയില്‍ ബുധനാഴ്ച തുറന്നു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെ പ്രൊജക്റ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കെട്ടിടത്തിലാണ് ഈ സൗകര്യം ഒരുക്കിയത്.
ഇറോബോട്ടുകള്‍, ടെലി മെഡിസിന്‍, ഭക്ഷ്യ വിതരണത്തിന് ഇബൈക്കുകള്‍, ബയോ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം, ബയോ കമ്പോസ്റ്റ് സംവിധാനം തുടങ്ങി എല്ലാ ആധുനിക ആരോഗ്യ സൗകര്യങ്ങളും സിഎഫ്എല്‍ടിസിയില്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ സംബന്ധിച്ച് കൊണ്ട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ വാക്കുകള്‍:
ലോകത്ത് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി കേരളം കാഴ്ച വെക്കുന്നത്. വെറും 32 ദിവസത്തിനുള്ളിലാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ചികിത്സാ കേന്ദ്രം നാട്ടികയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ആധുനികമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ കേന്ദ്രം ഒരുക്കാന്‍ സാധിച്ചതില്‍ നാട്ടികക്കാരനെന്ന നിലയില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. ഭാവിയിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍ പന്തിയില്‍ തന്നെ ഉണ്ടാകും.
ഏകദേശം 2 കോടി രൂപയിലധികം ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ലുലു ഗ്രൂപ ചെയര്‍മാന്‍ എം.എ യൂസുഫലി ഒരുക്കിയിട്ടുള്ളത്.