മൊബൈല്‍ സിം സ്വാപ്പ് തട്ടിപ്പ് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

    ദുബൈ: മൊബൈല്‍ ബാങ്കിംഗിലൂടെ സിം സ്വാപ്പ് തട്ടിപ്പിലൂടെ പണം കവര്‍ന്നിരുന്ന മാഫിയയെ തളച്ചിടാന്‍ കഴിഞ്ഞതായി യുഎഇ ബാങ്ക് ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ ജമാല്‍ സ്വാലിഹ് വ്യക്തമാക്കി. രാജ്യവ്യാപകമായി നടത്തിയ ബോധവത്കരണത്തെ തുടര്‍ന്നാണ് ഈ കൊള്ള ഒരു പരിധിവരെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുടെ മുഴുവന്‍ ജീവിത സമ്പാദ്യവും കൊള്ളയടിക്കുന്ന ബാങ്കിംഗ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സിം സ്വാപ്പ് തട്ടിപ്പ് കരുതിയിരിക്കേണ്ടതാണ്. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയുമ്ായി നടത്തി പ്രത്യേക അഭിമുഖത്തിലാണ് ജമാല്‍ സ്വാലിഹ് ഇക്കാര്യം സൂചിപ്പിച്ചത്. ‘ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളില്‍ ഏറ്റവും മോശമായ സിം സ്വാപ്പ് തട്ടിപ്പ് മുമ്പ് നൂറുകണക്കിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ യുഎഇയിലെ സെന്‍ട്രല്‍ ബാങ്ക്, അബുദാബി പോലീസ്, എന്നിവരുമായി ചേര്‍ന്ന് പ്രചാരണം ആരംഭിച്ചതിനുശേഷം ഇക്കഴിഞ്ഞ മാസങ്ങളില്‍ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് ശ്രമങ്ങളുടെ എണ്ണം ഇരട്ടിയായതിനാലാണിത്. ആളുകള്‍ വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ഓണ്‍ലൈനില്‍ ഇടപാട് നടത്താനും തുടങ്ങി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാപ്പ് തട്ടിപ്പ് ഒരു തരം ഐഡന്റിറ്റി മോഷണമാണ്, ഇരയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിന്റെ പകരമുള്ള സിം കാര്‍ഡ് നേടുകയും വ്യാജ ഐഡന്റിറ്റി രേഖകള്‍ ഉപയോഗിക്കുകയും പണം മോഷ്ടിക്കാന്‍ ഇരയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. വിവിധ ഇലക്ട്രോണിക് തട്ടിപ്പുകളില്‍ ഏറ്റവും മോശമായത് സ്വിം സ്വാപ്പാണ്. ഇരയുടെ പകരമുള്ള സിം കാര്‍ഡ് നേടുകയും മറ്റൊരു മൊബൈല്‍ നമ്പറിലേക്ക് സന്ദേശങ്ങള്‍ വഴിമാറ്റുകയും ചെയ്താല്‍ ഇരയുടെ മുഴുവന്‍ ജീവിത സമ്പാദ്യവും കൊള്ളയടിക്കപ്പെടാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാലിപ്പോള്‍ ബോധവല്‍ക്കരണ പ്രചാരണവും ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി, ഇത്തിസലാത്ത്, ഡു എന്നിവ സ്വീകരിച്ച കര്‍ശനമായ പ്രതിരോധ നടപടികളും ഇത്തരം തട്ടിപ്പുകാരെ ഏറെക്കുറെ നിര്‍ത്തലാക്കി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന് ഇപ്പോള്‍ പകരം സിം കാര്‍ഡ് ലഭിക്കാന്‍ അയാളുടെ യഥാര്‍ത്ഥ എമിറേറ്റ്‌സ് ഐഡിയും വിരലടയാളവുമായി നേരി്ല്‍ പോകേണ്ടതുണ്ട് ഹാജരാകേണ്ടതുണ്ട്. ഈ ബോധവത്കരണം ഈ വര്‍ഷാവസാനം വരെ തുടരും. സിം സ്വാപ്പിനുശേഷം മാജിക് പെന്‍ തട്ടിപ്പാണ് വ്യാപകമായി നടന്നിരുന്നത്. ഒരു ഗുണഭോക്താവിന്റെ പേരും തുകയും മാജിക് പെന്‍ എന്ന് വിളിക്കപ്പെടുന്ന മായ്ക്കാവുന്ന പേന ഉപയോഗിച്ച് തട്ടിപ്പുകാരന്‍ തന്നെ എഴുതിയ ശേഷം ഇരകളോട് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചെക്കുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നു. മഷി പിന്നീട് അപ്രത്യക്ഷമാവുകയും തട്ടിപ്പുകാരന്‍ തുകയും മറ്റും ഒരു സാധാരണ പേന ഉപയോഗിച്ച് പുതിയ വിശദാംശങ്ങള്‍ പൂരിപ്പിക്കുകയും അതിനനുസരിച്ച് ഇരയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിക്കുകയും ചെയ്യും. അതിനാല്‍ ചെക്കുകളും പ്രധാനപ്പെട്ട രേഖകളും പൂരിപ്പിക്കാനും ഒപ്പിടാനും സ്വന്തം പേന ഉപയോഗിക്കുന്നതാണ് ഇത്തരം അഴിമതി ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.