77 വയസ് വരെ പ്രവാസത്തിലെ അപൂര്‍വത: പുതഞ്ഞ മണ്ണു മുതല്‍ ബുര്‍ജ് ഖലീഫയും കടന്ന് മൊയ്തുക്കയുടെ പ്രവാസത്തിന് 58 ആണ്ട്

റസാഖ് ഒരുമനയൂര്‍
അബുദാബി: പാദങ്ങള്‍ പുതയുന്ന മണ്ണ് മുതല്‍ ആകാശം മുട്ടി നില്‍ക്കുന്ന ബുര്‍ജ് ഖലീഫയും കടന്ന് നേര്‍ക്കാഴ്ചയുടെ സുദീര്‍ഘമായ 58 വര്‍ഷത്തെ അനുഭവങ്ങളുമായി മൊയ്തുക്ക നാട്ടിലേക്ക് മടങ്ങുകയാണ്. 77 വയസ് വരെ ജോലി ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയുമാണ് യാത്ര തിരിക്കുന്നത്.
1962ലാണ് തൃശ്ശൂര്‍ ജില്ലയിലെ ഒരുമനയൂരില്‍ നിന്നും മൊയ്തുക്ക അറബിപ്പൊന്ന് തേടി ദുബൈയിലേക്ക് യാത്ര തിരിച്ചത്.
ഒരുമനയൂരിലെ നോര്‍ത്ത് ജുമുഅത്ത് പള്ളിക്ക് സമീപമാണ് മൊയ്തുക്കയുടെ ജന്മഗേഹം. തിരിച്ചു നടക്കുന്നതും കുഞ്ഞുന്നാളിന്റെ ഓര്‍മയുടെ ആ തീരത്തേക്ക് തന്നെ. പിച്ച വെച്ച തിരുമുറ്റത്ത് വാര്‍ധക്യം ചെലവിടാനൊരു മടക്ക യാത്ര. എങ്കിലും, ആരോഗ്യപരമായി വലിയ വെല്ലുവിളികളൊന്നുമില്ല. ആറു പതിറ്റാണ്ടോളം നീണ്ട പ്രവാസം നല്‍കിയ സമ്മിശ്ര അനുഭവങ്ങളുമായാണ് മടക്ക യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
പിന്നിട്ട പ്രവാസാനുഭവങ്ങളുടെ ഓര്‍മച്ചെപ്പുകള്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി അദ്ദേഹം പങ്കു വെച്ചു. ജ്യേഷ്ഠന്‍ ഹംസ അയച്ച എന്‍ഒസിയുമായി 1962 ഡിസംബറിലാണ് മുംബൈയില്‍ നിന്നും കപ്പല്‍ കയറിയത്.
അതിനു പിന്നിലും മറക്കാനാവാത്ത, അല്ലെങ്കില്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചില സംഭവങ്ങളുണ്ട്. ഒരുമനയൂര്‍ തൈക്കടവിലെ ഹൈദര്‍ക്കയുടെ സഹോദരിയെ പത്തറുപത് കൊല്ലം മുന്‍പ് ഒരു ഒമാനി പൗരന്‍ വിവാഹം ചെയ്തു. അദ്ദേഹം നല്‍കിയ വിസയിലാണ് ജ്യേഷ്ഠന്‍ മത്തക്കുരു ഹംസ ഗള്‍ഫിലേക്ക് വന്നത്. മസ്‌കത്തില്‍ എത്തിയ അദ്ദേഹം വൈകാതെ തന്നെ ദുബൈയില്‍ എത്തുകയും ദുബൈ എയര്‍പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അക്കാലത്ത് ഒരുമനയൂര്‍ക്കാരായ നിരവധി പേര്‍ ദുബൈയില്‍ ഉണ്ടായിരുന്നു. രാജകുടുംബത്തില്‍ ജോലി ചെയ്തിരുന്ന സാബീല്‍ പാലസ് അഹമ്മദുണ്ണി ഹാജി, ചീനന്‍ അബൂബക്കര്‍ ഹാജി (റേഡിയോ) തുടങ്ങിയവര്‍ അതില്‍ പ്രമുഖരായിരുന്നു.
ദുബൈയില്‍ വന്നിറങ്ങുമ്പോള്‍ യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. പ്രാഥമിക കാര്യങ്ങള്‍ക്ക് കടപ്പുറത്തെ ആശ്രയിച്ചിരുന്ന കാലഘട്ടം. വെള്ളവും വെളിച്ചവുമില്ല. കെട്ടിടങ്ങളും മട്ടുപ്പാവുകളുമില്ല. പകരം, ഇന്തപ്പനയോലകളും മണ്‍കട്ടകളും കൊണ്ട് നിര്‍മിച്ച കൊച്ചുകൊച്ചു സ്ഥാപനങ്ങളും ഭവനങ്ങളും. കച്ചവടക്കാരുടെ തിക്കും തിരക്കുമില്ല. ഇന്ന് ഷോപ്പിംഗ് മാളുകളുടെ പറുദീസ തീര്‍ക്കുന്ന യുഎഇയില്‍ അന്ന് അകത്തേക്ക് കടക്കാന്‍ പോലും സൗകര്യമില്ലാത്ത വളരെ ചെറിയ കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എടുത്തു പറയാനുണ്ടായിരുന്നത് സ്പിന്നീസ് മാത്രം.
അബുദാബിയിലും ദുബൈയിലുമായി നീണ്ട 58 വര്‍ഷം ജീവിച്ചപ്പോള്‍ സുഖ-ദു:ഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും സുഖസൗകര്യങ്ങളുടെയും ദിനരാത്രങ്ങളിലൂടെ സഞ്ചരിച്ചു. ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ വ്യത്യസ്തമാര്‍ന്ന നേരനുഭവങ്ങള്‍. തൊഴിലന്വേഷണങ്ങള്‍, വിവിധ തൊഴില്‍ മേഖലകള്‍, വാണിജ്യ രംഗത്തേക്കുളള പ്രവേശനം, അവിടെ നിന്നുള്ള നിരവധി അനുഭവങ്ങള്‍. കച്ചവട നഷ്ടങ്ങളിലൂടെ എല്ലാം തകര്‍ന്നു പോകുമെന്ന് തോന്നിയ ദിവസങ്ങള്‍. പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ കുടുംബത്തെ നാട്ടിലേക്കയച്ചു. എന്നാല്‍, മനക്കരുത്ത് കൈവിട്ടില്ല. പ്രതീക്ഷകള്‍ക്ക് അറുതി നല്‍കിയില്ല.
ഒടുവില്‍, സബ്ഖയില്‍ അല്‍ഗുറൈറിന് സമീപം മാലിക് ബിന്‍ ദീനാര്‍ റെഡിമെയ്ഡ് വസ്ത്രാലയം. പിന്നീട്, ആ കെട്ടിടം പൊളിക്കുന്നു. അതോടെ, കച്ചവടവും അവസാനിപ്പിച്ചു. വീണ്ടും തൊഴിലമ്പേഷണം. പ്രായം അമ്പത് പിന്നിട്ടിരുന്നു. പ്രായാധിക്യം തൊഴില്‍ ലഭിക്കാന്‍ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും, അഞ്ചു മാസത്തേക്ക് ഒരിടത്ത് താല്‍ക്കാലിക നിയമനം. പക്ഷെ, അത് മറ്റൊരു നേട്ടത്തിന്റെ തുടക്കമായിരുന്നു. അഞ്ചു മാസത്തെ താല്‍ക്കാലിക നിയമനം നീണ്ട 28 വര്‍ഷത്തെ സേവനത്തിലാണ് അവസാനിക്കുന്നത്. സ്ഥാപനത്തിന്റെ സമ്പൂര്‍ണ വിശ്വാസം നേടിയെടുത്ത പ്രവാസി.
കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മടക്ക യാത്രക്ക് നിര്‍ബന്ധിതനായത്. അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന സ്‌നേഹവും ലാളനയുമേറ്റ് ഈ പോറ്റമ്മ നാട്ടില്‍ ഇനിയും തുടരാമായിരുന്നു. മൊയ്തുക്കയെ പറഞ്ഞു വിടാന്‍ കമ്പനിക്ക് താല്‍പര്യമില്ല. പക്ഷെ, ആരോഗ്യവും പ്രായവും പരമ പ്രധാനമാണെന്ന സന്ദേശം കമ്പനിയെ നിര്‍ബന്ധിതരാക്കുകയായിരുന്നു. പ്രയാസങ്ങളുടെ കനല്‍ തീരത്തിലൂടെ സഞ്ചരിച്ചുവെങ്കിലും ഒടുവില്‍ തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിയുണ്ട്. എല്ലാവരെയും ഇരു കൈയും നീട്ടി സ്വീകരിക്കുകയും സര്‍വ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്ത യുഎഇയുടെ ഔദാര്യതയും സുഗന്ധ പൂരിത മായ മനസും തീരെ വിസ്മരിക്കാനാവില്ല.
ഓരോ ശ്വാസത്തിലും അലിഞ്ഞു ചേരുന്ന ഓര്‍മകളുമായി വിട പറയുമ്പോള്‍ പോറ്റമ്മ നാടിനോടും ഭരണാധികാരികളോടുമുള്ള അടങ്ങാത്ത സ്‌നേഹവായ്പും നന്ദിയും മൊയ്തുക്കയുടെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാര്യ സുബൈദയും മക്കളായ ഫാരിസും ഫരീദയും യുഎഇയിലുണ്ട്. മറ്റൊരു മകന്‍ ഫവാസ് നാട്ടിലാണ്.

ഫോട്ടോ:
മൊയ്തുക്ക
————