ഗാന വീഥിയില്‍ പിതാവിന്റെ പാതയില്‍ നസീര്‍ മൂസ എരഞ്ഞോളി

12
നസീര്‍ മൂസ എരഞ്ഞോളി

ദുബൈ: മാപ്പിളപ്പാട്ട് കുലപതി മൂസ എരഞ്ഞോളിയുടെ മകന്‍ നസീര്‍ മൂസ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. രൂപ ഭാവത്തില്‍ എരഞ്ഞോളി മൂസയോട് നേര്‍സാമ്യമുള്ള മകന്‍ നസീര്‍ ശബ്ദത്തിലും താളത്തിലും മുറുക്കത്തിലും ഘന ഗാംഭീര്യമുള്ള പിതാവിന്റെ നേര്‍ ധ്വനി തന്നെ സ്വന്തമാക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാളിലാണ് ആദ്യ ഗാനം പുറത്തിറങ്ങിയത്. ‘ഉപ്പാന്റെ ഹൃദയം’ എന്ന പേരിലിറങ്ങിയ ഗാനം ഇതിനോടകം തന്നെ ആസ്വാദക വൃന്ദങ്ങളില്‍
ഇടം നേടി. ദുബൈയില്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃദ് വൃന്ദമാണ് ഇതിന് സാഹചര്യമൊരുക്കിയത്. മാപ്പിളപ്പാട്ടില്‍ പരിണിത പ്രജ്ഞനായിരുന്ന കവി പരേതനായ ഒ.ആബു മാഷിന്റെ പേരമകന്‍ പ്രവാസിയായ ഫനാസ് തലശ്ശേരിയാണ് ഗാനമെഴുതിയത്.
കോവിഡ് പശ്ചാത്തലത്തില്‍ പെരുന്നാള്‍ വേളയില്‍ നാട്ടില്‍ പോകാനാവാതെയും നാട്ടിലുള്ള തന്റെ കുട്ടികളോടൊത്തു പെരുന്നാള്‍ കൂടാനാവാതെയും വിലപിക്കുന്ന ഒരു പിതാവിന്റെ നേര്‍ചിത്രമാണ്
ഫനാസ് ഈ ഗാനത്തിലൂടെ പറഞ്ഞിരിക്കുന്നത്.
ദുബൈയില്‍ തന്നെ ജോലി ചെയ്യുന്ന സമീര്‍ കോട്ടക്കല്‍ ഈണം പകര്‍ന്നു. അഡ്വ. മുഹമ്മദ് സാജിദ്, ബഷീര്‍ മേപ്പയൂര്‍ എന്നിവര്‍ സാങ്കേതിക സൗകര്യങ്ങളുമൊരുക്കി. കണ്ണൂര്‍ മര്‍വ സ്റ്റുഡിയോയില്‍
പ്രശസ്ത കംപോസര്‍ കമറുദ്ദീന്‍ കീച്ചേരിയുടെ ഓര്‍കസ്‌ട്രേഷനിലാണ് ഈ മനോഹര ഗാനം പിറന്നത്.
മൂസ എരഞ്ഞോളിയുടെയും പെരിങ്ങളം വലിയകത്ത് ഹൗസില്‍ ആമിനയുടെയും മൂത്ത പുത്രനാണ് നസീര്‍. കുറച്ചു കാലം ദുബൈയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്ത് ഒരു കാസറ്റ് കടയും നടത്തി. പിന്നീട് ഹൈദരാബാദില്‍ ബിസിനസുമായി ചേക്കേറുകയാണുണ്ടായത്.
എരഞ്ഞോളി മൂസ എന്ന അനശ്വര ഗായകനെ നെഞ്ചേറ്റിയ പ്രവാസി സമൂഹത്തോട്, വിശേഷിച്ചും ബഷീര്‍ തിക്കോടി, ഷംസുദ്ദീന്‍ നെല്ലറ, യഹ്‌യ തളങ്കര തുടങ്ങിയവരുടെ സ്‌നേഹ വാത്സല്യം എന്നും തന്റെ കുടുംബം സ്മരിക്കുമെന്ന് നസീര്‍ പറഞ്ഞു. രൂപം കൊണ്ടും ശബ്ദം കൊണ്ടും മൂസക്കയുടെ സാദൃശ്യമുള്ള നസീര്‍, ബാപ്പയുടെ സുഹൃത്തുക്കളായ ഉസ്മാന്‍ വടക്കുമ്പാട്, ജാഫര്‍ ജാസ് എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പാടാന്‍ തീരുമാനിച്ചത്. കൗമാര പ്രായത്തില്‍ പാട്ട് പാടിയ ഓര്‍മയില്‍ അതിനു സമ്മതിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഒസിയത്ത്’ എന്ന ഓഡിയോ കാസറ്റിനു വേണ്ടി ബാപ്പയോടൊപ്പം ഏതാനും വരികള്‍ പാടിയ ഓര്‍മ പ്രേരണയുമായി. ഏതാനും പാട്ടുകള്‍ തലശ്ശേരി മെയിന്‍ റോഡിലുള്ള ജാസ്സ് സ്റ്റുഡിയോയില്‍ നിന്നും പരിശീലിച്ചു.
തുടര്‍ന്ന് എരഞ്ഞോളി മൂസ പാടി വന്‍ ഹിറ്റാക്കി മാറ്റിയ ചില ഗാനങ്ങള്‍ വേദികളില്‍ ആലപിച്ചു വരികയായിരുന്നു.
ഇന്ന് നാട്ടിലും മറുനാട്ടിലുമായ് ഒട്ടേറെ പ്രോഗ്രാമുകള്‍ നസീറിനെ തേടിയെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ബിസിനസിനോടൊപ്പം പിതാവിന്റെ പാത പിന്തുടര്‍ന്ന് ഗാന മേഖലയിലും നിലയുറപ്പിക്കാന്‍ തന്നെയാണ് നസീറിന്റെ തീരുമാനം. ‘കൈത്താങ്ങ്’ എന്ന മറ്റൊരു ഗാനം കൂടി ഇതിനോടകം പാടിയിട്ടുണ്ട്. മറ്റു പാട്ടുകളും പണിപ്പുരയിലുണ്ട്. അടുത്ത വര്‍ഷത്തോടെ നസീര്‍ ആലപിച്ച കൂടുതല്‍ ഗാനങ്ങളും ആസ്വാദകരിലെത്തും.