ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവം; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

5

ആഷിക്ക് നന്നംമുക്ക്
റാസല്‍ ഖൈമ

തട്ടിപ്പ് വീരന്മാരെ സൂക്ഷിക്കുക. പല തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറച്ചു കേട്ടവരാണ് നമ്മള്‍. എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്കായി എന്ന തരിത്തിലുള്ള അറിയിപ്പുകള്‍ ധാരാളമായിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത്തരക്കാര്‍ ഇറങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം റാസല്‍ ഖൈമ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു മെസ്സേജ്. യുഎഇ സെന്‍ട്രല്‍ ബാങ്ക് എന്നെഴുതിയ ഒരു തലക്കെട്ടില്‍ ഉള്ള പോസ്റ്റര്‍ ആയിരുന്നു. അതില്‍ ഒരു കോണ്ടാക്ട് നമ്പറും ഉണ്ട്. ഉടനെ തന്നെ തങ്ങള്‍ ആ നമ്പറില്‍ ലാന്റ് ഫോണില്‍ നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. പിന്നീട് തങ്ങള്‍ മൊബൈല്‍ നമ്പറില്‍ നിന്നും അവരെ വിളിച്ചു. ഉടനെ ഫോണ്‍ എടുത്തു. ഞങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നാണെന്നും താങ്കളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും പെട്ടെന്ന് നിങ്ങളുടെ എല്ലാ രേഖകളും പറഞ്ഞു തരണം എന്നായിരുന്നു മറുപടി. ഇംഗ്ലീഷില്‍ സംസാരം തുടങ്ങിയപ്പോള്‍ തങ്ങള്‍ പറഞ്ഞു എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന്. ഉടനെ സംസാരം ഹിന്ദിയില്‍ ആയി. ഇതിന് മുമ്പും ഇത്തരം മെസേജുകള്‍ ലഭിച്ചിരുന്നതിനാല്‍ തങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് പിടികിട്ടി. എല്ലാ രേഖകളും എടുത്തു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു തങ്ങള്‍ ഫോണ്‍ കട്ട് ചെയ്തു. ഈ വിവരം തങ്ങള്‍ കുടുംബ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്നും ദുബൈയിലുള്ള ഒരാള്‍ക്കും കഴിഞ്ഞ ദിവസം ഈ അനുഭവം ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പ് സഘം വീണ്ടും സജീവമായി വിലസുന്നുണ്ട്. ലക്ഷങ്ങള്‍ ക്യാഷ് പ്രൈസ് നിങ്ങള്‍ക്ക് അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് ഇത്തരത്തില്‍ കോളുകള്‍ വന്നിട്ടുണ്ട്. അത്തരം ആളുകളുടെ ചതിയില്‍ പെട്ടു ഒരുപാട് ആളുകള്‍ അവരുടെ ആവശ്യാര്‍ത്ഥം അവര്‍ ചോദിക്കുന്ന പണം എക്്‌ചേഞ്ചു വഴിയും മറ്റും ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു കുടുങ്ങിയ പാവങ്ങളുമുണ്ട്. അതിലുപരി ഇതില്‍ കുടുങ്ങുന്ന അത്യാഗ്രഹക്കാരുമുണ്ട്. ഇത്തരം ആളുകള്‍ക്ക് പണമയക്കാന്‍ ചില വിരുതന്‍മാര്‍ റൂമിലെ ഏതെങ്കിലും പാവപ്പെട്ടവന്റെ തിരിച്ചറില്‍ കാര്‍ഡ് ആണ് ഉപയോഗിക്കാറ്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പൊലീസിന്റെ കൈയ്യില്‍ കുടുങ്ങി കഴിഞ്ഞാല്‍ മാത്രമാണ് ഇവര്‍ ചെയ്ത തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങിപോവരുതെന്ന് പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ബാങ്ക് വിവരങ്ങളും മറ്റു നമ്പറുകളും മൊബൈല്‍ ഫോണ്‍ മുഖേന ഒരിക്കലും കൈമാറരുത്. ബാങ്ക് രേഖകള്‍ നേരില്‍ ചെന്ന് മാത്രം നല്‍കേണ്ടതാണ്. ബാങ്കില്‍ നിന്നും ഇത്തരം ആവശ്യങ്ങള്‍ക്ക് വിളിക്കാറുമില്ല.