നാട്ടില്‍ പോകാനിരുന്ന പ്രവാസി ദുബൈയില്‍ നിര്യാതനായി

14
നിയാസ്

ദുബൈ: ചാവക്കാട് ഒരുമനയൂര്‍ സ്വദേശി പൂണത്ത് ഖാദര്‍ മോന്‍ മകന്‍ നിയാസ് (42) ദുബൈയില്‍ മരിച്ചു. ഇന്ന് നാട്ടില്‍ പോകാനിരുന്നതായിരുന്നു. വ്യാഴാഴ്ച രാത്രി വാഹനമോടിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്ത് നിയാസ് തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസെത്തി ആശുപത്രിയിലെക്കെത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. ചേറ്റുവയില്‍ വീടു വെച്ച് താമസിക്കുന്ന നിയാസ് ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തിയിരുന്നു. അതിനിടെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി അവസാന യാത്രയായത്.
19 വര്‍ഷമായി ദുബൈയില്‍ രാജകുടുംബത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് വൈകുന്നേരം എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലേക്ക് ടിക്കറ്റെടുത്തിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഇതേ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
നിഷിദയാണ് ഭാര്യ. മുഹമ്മദ്, സബാഹ്, ഫാതിമ, മറിയം എന്നിവര്‍ മക്കളും അസ്‌ലം, ഷഹാസ്, ഹസീന, ഷാഹിദ, ഷജീന എന്നിവര്‍സഹോദരങ്ങളുമാണ്. ഖബറടക്കം തെക്കെ തലക്കല്‍ മഹല്ല് ജുമാഅത്ത് പള്ളി ഖബര്‍സ്താനില്‍ നടക്കും.