മാര്‍ച്ച് 1ന് മുന്‍പ് കാലാവധി കഴിഞ്ഞ വിസകള്‍: ദുബൈ എമിഗ്രേഷന്‍ കാമ്പയിനില്‍ മലയാളവും

ദുബൈ എമിഗ്രേഷന്‍ മലയാളത്തില്‍ പുറത്തിറക്കിയ ബ്രോഷര്‍

ദുബൈ: മാര്‍ച്ച് ഒന്നിന് മുന്‍പ് കാലാവധി കഴിഞ്ഞ വിസക്കാരുടെ ഗ്രേസ് പീരിയഡ് നീട്ടിയ വിവരം അറിയിച്ചുള്ള ദുബൈ എമിഗ്രേഷന്റെ കാമ്പയിനില്‍ മലയാളവും. ഇത്തരം വിസകള്‍ കൈവശമുള്ളവരെ നവംബര്‍ 17 വരെ എല്ലാ പിഴകളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചിപ്പിച്ചാണ് എമിഗ്രേഷന്റെ കാമ്പയിന്‍. ഇതിന്റെ ഭാഗമായി മലയാള ഭാഷയില്‍ തയാറാക്കിയ ബ്രോഷര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വകുപ്പ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. മലയാളത്തിന് പുറമെ അറബി, ഇംഗ്‌ളീഷ് തുടങ്ങിയ ഭാഷകളിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള വകുപ്പിന്റെ പ്രചാരണം. മുന്‍പും യുഎഇയിലെ മലയാളികളുടെ വന്‍ സാന്നിധ്യം മനസ്സിലാക്കി വകുപ്പ് മലയാള ഭാഷയില്‍ വിവിധ പ്രചരണങ്ങളുമായി രംഗത്ത് വന്നിരുന്നു.
മാര്‍ച്ച് ഒന്നിന് മുന്‍പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയൊന്നുമില്ലാതെ രാജ്യം വിടാമെന്ന് നേരത്തെ യുഎഇ
ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് അറിയിച്ചിരുന്നു. അതിന് ശേഷം അക്കാലയളവ് അധികൃതര്‍ മൂന്നു മാസം കൂടി നീട്ടുകയായിരുന്നു. അതുപ്രകാരം, അവര്‍ക്ക് നവംബര്‍ 17 വരെ സമയം അനുവദിച്ചു. പ്രസ്തുത കാലയളവില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്ന നിയമ ലംഘകര്‍ക്ക് എല്ലാ പിഴകളും ഇളവ് ചെയ്ത് നല്‍കും.
ഈയവസരം ഉപയോഗപ്പെടുത്തി രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ യുഎഇയിലേക്ക് തിരികെ വരാന്‍ തടസ്സമുണ്ടാവില്ല. കാലാവധിയുള്ള പാസ്‌പോര്‍ട്ടും രാജ്യം വിടാനുള്ള ടിക്കറ്റുമാണ് ആവശ്യം. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഇത്തരക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ ബന്ധപ്പെട്ട പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് മുന്‍പ് കാലഹരണപ്പെട്ട വിസകള്‍ കൈവശമുള്ളവര്‍ ഇനിയും കാത്ത് നില്‍ക്കാതെ അവരുടെ താമസ-കുടിയേറ്റ രേഖകള്‍ ശരിയാക്കുകയോ, അല്ലെങ്കില്‍ രാജ്യം രാജ്യ വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങള്‍ക്കും 800 453 എന്ന നമ്പറില്‍ ബന്ധപ്പെടാം.
-അസീസ് മണമ്മല്‍ എടരിക്കോട്