ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ച് തട്ടിപ്പ്; ഒമ്പത് പേര്‍ ഷാര്‍ജ പൊലീസ് പിടിയില്‍

ഷാര്‍ജ പൊലീസിന്റെ പിടിയിലായവരില്‍ ചിലര്‍

ഗഫൂര്‍ ബേക്കല്‍

ഷാര്‍ജ: ബാങ്കില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ച് തെറ്റായ സന്ദേശം കൈമാറി കബളിപ്പിച്ച് പണം കൈക്കലാക്കിയ 9 പേര്‍ ഷാര്‍ജ പൊലീസ് പിടിയില്‍.
മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. പ്രമുഖ ബാങ്കുകളില്‍ നിന്ന് വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഇരകളെ വലയിലാക്കിയിരുന്നത്. രഹസ്യ കേന്ദ്രത്തില്‍ ഒത്തുകൂടി നിരവധി പേരെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച സംഘത്തെ ഷാര്‍ജ പൊലീസ് പ്രത്യേക സംഘം തന്ത്രപരമായി കെണിയില്‍ വീഴ്ത്തുകയായിരുന്നു.
നേരത്തെ തന്നെ ഇത്തരം തട്ടിപ്പിനെ കുറിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയവും ഷാര്‍ജ പൊലീസും ഉള്‍പ്പെടെ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാര്‍ത്താ മാധ്യമങ്ങളിലൂടെയും ലഘു ലേഖകളിലൂടെയും ഇത്തരം ഫോണ്‍ വിളികളെ കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ബോധവത്കരണ കാമ്പയിനുകള്‍ തന്നെ നടത്തുകയുണ്ടായി. എങ്കിലും, നിരവധി പേരാണ് ഈ ഗൂഢ സംഘത്തിന്റെ തട്ടിപ്പിനിരകളാവുന്നത്. ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വ്യക്തിഗത വിവരങ്ങളും രഹസ്യ കോഡുകളും ഇവര്‍ തന്ത്രപരമായി കൈക്കലാക്കുന്നു.
പ്രതികളെല്ലാം ഏഷ്യന്‍ വംശജരാണ്. ഇവരുടെ രഹസ്യ കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് അന്വേഷണ സംഘം ഇതിനായി ഉപയോഗിച്ച സാമഗ്രികളും കണ്ടുകെട്ടി. മൊബൈല്‍ ഫോണുകള്‍, കാമറകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് ട്രാസ്ഫര്‍ രസീതികള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ പെടുന്നു. വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിച്ചവരുടെ രേഖകളും മറ്റും ഉപയോഗിച്ചെടുത്ത സിം കാര്‍ഡുകളാണ് തട്ടിപ്പുകാര്‍ ഫോണ്‍ വിളിക്കായി ഉപയോഗിക്കുന്നത്.
പ്രതികള്‍ ഫോണ്‍ വിളി തട്ടിപ്പിലൂടെ വന്‍ തുക തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. അക്കൗണ്ടില്‍ നിന്നും 96,000 ദിര്‍ഹമാണ് സംഘം പിന്‍വലിച്ചത്. ഷാര്‍ജ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി വല വിരിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 9 പേരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ നേട്ടമായി.